NationalNewsNews

അസമിലെ കൽക്കരി ഖനിയിൽ വെള്ളപ്പൊക്കം; 300 അടി താഴ്ചയിൽ 9 പേർ കുടുങ്ങി, ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഗുവാഹത്തി: അസമിലെ കൽക്കരി ഖനിക്കുള്ളിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്സോയിലെ കൽക്കരി ഖനിയിലാണ് തിങ്കളാഴ്ച തൊഴിലാളികൾ അകപ്പെട്ടത്. ഖനിയിൽ ഒൻപത് പേരാണ് കുടുങ്ങിയത് എന്നാണ് നിഗമനം. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന്റെയും, എൻഡിആർഎഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 

300 അടിയോളം താഴ്ചയിലാണ് ഖനി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു എന്ന വാർത്ത അധികൃതർ തള്ളി. 48 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്താനായത്. ഖനി നിയമവിരുദ്ധമായി പ്രവർത്തിച്ചതിനും, ഇന്ത്യയിൽ നിരോധിച്ച ഖനനരീതി പിന്തുടർന്നതിനും ഒരാളെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മ പറഞ്ഞു. ഖനിയുടമക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

30 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എട്ട് തദ്ദേശ ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതൽ സാങ്കേതിക വിദ്യകളുള്ള പമ്പുകൾ ഉടനെത്തിച്ച് പരമാവധി വേഗത്തിൽ വെള്ളം വറ്റിക്കാനാണ് ശ്രമം നടക്കുന്നത്. പ്രദേശത്തെ മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്നും ഹിമന്ത് ബിശ്വശർമ്മ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker