തിരുവനന്തപുരം: ഈ രീതയില്‍ കാലാവസ്ഥാ വ്യതിയാനം തുടരുകയാണെങ്കില്‍ കേരളത്തില്‍ ഭാവിയിലും അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് ബ്രിട്ടനിലെ റെഡിങ് സര്‍വകലാശാലയില്‍ ഗവേഷകയായ ഡോ. ആരതി മേനോന്‍. ആഗോള താപനമാണ് ഇതിനു പ്രധാനകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവിധ കാലാവസ്ഥാ മാതൃകകളില്‍ ആഗോള താപനം ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍നിന്നു ലഭിച്ച പ്രാഥമിക നിഗമനമാണിതെന്നും ആരതി പറയുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ അന്തരീക്ഷ സാഹചര്യത്തില്‍ 20 വര്‍ഷത്തിനുശേഷമുള്ള ആഗോളതാപനം ഉള്‍ച്ചേര്‍ത്ത് നടത്തിയ പരീക്ഷണത്തില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് ലഭിച്ച ഫലം.
2018-ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ സംബന്ധിച്ച് ബ്രിട്ടീഷുകാരനായ കിരേന്‍ ഹണ്ടുമായി ചേര്‍ന്ന് ആരതി ഇപ്പോള്‍ ഗവേഷണത്തിലാണ്. കേരളത്തിലെ കൂടുതല്‍ വര്‍ഷങ്ങളിലെ ന്യൂനമര്‍ദങ്ങളെയും അതിനോടനുബന്ധിച്ച തീവ്രമഴയെയും നിരീക്ഷിച്ചാല്‍ മാത്രമേ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം ആഗോള താപനമാണെന്ന് പറയാനാകൂ എന്നും ആരതി വ്യക്തമാക്കി.
നിലവില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഗുജറാത്ത്, രാജസ്ഥാന്‍ തീരത്തെത്തിയിരിക്കുകയാണെന്നും അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്നും ആരതി പറഞ്ഞു. എന്നാല്‍, ഒരു ന്യൂനമര്‍ദംകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നതിനാല്‍ വടക്കന്‍ കേരളത്തില്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.
ബ്രിട്ടനും ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന മണ്‍സൂണ്‍ ഗവേഷണ പദ്ധതിയിലെ ഗവേഷകയാണ് എറണാകുളം കളമശ്ശേരിക്കാരിയായ ആരതി.