STSS infection:’മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ജപ്പാനില്‍ പടരുന്ന എസ്ടിഎസ്എസ് അണുബാധയുടെ ലക്ഷണങ്ങള്‍,ചികിത്സ
ടോക്ക്യോ: ജപ്പാനില്‍ അപകടകാരിയായ എസ്ടിഎസ്എസ് പടരുന്നു. സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രം എന്ന അണുബാധയാണിത്. എസ്ടിഎസ്എസ് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണ്. ജപ്പാനില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രോഗം ഭീതി പരത്തുകയാണ്.
എന്നാല്‍ ഇതുവരെ വിദഗ്ധര്‍ക്ക് ഇതിന്റെ കാരണം അറിയാന്‍ സാധിച്ചിട്ടില്ല. ജപ്പാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജൂണ്‍ രണ്ട് വരെ 977 കേസകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 ശതമാനമാണ് ഈ അണുബാധയുടെ മരണനിരക്ക്. ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ 77 പേരാണ് എസ്ടിഎസ്എസിനെ തുടര്‍ന്ന് ജപ്പാനില്‍ മരിച്ചത്.
നിലവില്‍ ജപ്പാനില്‍ പടര്‍ന്നുപിടിക്കുന്ന ഈ അണുബാധയുടെ കണക്കുകള്‍ കഴിഞ്ഞ വര്‍ഷത്തെ കേസുകളുടെ എണ്ണത്തെ മറികടന്നിരിക്കുകയാണ്. 2023ല്‍ 941 കേസുകളായിരുന്നു ഉണ്ടായിരുന്നത്. 1999ന് ശേഷം എസ്ടിഎസ്എസ് അണുബാധ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2023.
ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് 97 മരണങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മരണം ഈ അണുബാധയെ തുടര്‍ന്ന് രേഖപ്പെടുത്തിയതും ഈ വര്‍ഷമാണ്.
സ്‌ട്രെപ്‌റ്റോകോക്കസ് പയോജെന്‍സ് എന്ന ബാക്ടീരിയ മൂലമാണ് എസ്ടിഎസ്എസ് അണുബാധയുണ്ടാകുന്നത്. മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരീയയാണ് ഈ അണുബാധ വരുന്നതിനുള്ള പ്രധാന കാരണം.
അണുബാധയേറ്റ് വെറും 48 മണിക്കൂറിനുള്ളില്‍ മനുഷ്യ ജീവനെടുക്കാന്‍ ഇവയ്ക്ക് സാധിക്കും. ടിഷ്യുകളുടെ നാശത്തിനും അതിവേഗം അവയങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനും ഈ ബാക്ടീരീയ കാരണമാകും.
പനിയും തൊണ്ടവേദനയാണ് ഈ അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിലാണ് ഇവ അധികവും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഭൂരിഭാഗം സ്‌ട്രെപ് ഫീവറുകളും നേരിയ പനിയായി മാറിപ്പോകുമെങ്കിലും ഒട്ടേറെ ആളുകള്‍ക്ക് രോഗലക്ഷങ്ങള്‍ മൂര്‍ച്ഛിക്കുകയും കൃതമായ ആരോഗ്യപരിചരണം ആവശ്യമായി വരികയും ചെയ്യും.
പരിചരണം ലഭ്യമായില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്ക് എത്തും. അണുബാധയേറ്റ പ്രായമായവരില്‍ ജലദോഷം, പനി പോലുള്ള ലക്ഷണങ്ങളാണ് ആദ്യം അനുഭവപ്പെടുക. എന്നാല്‍ അപൂര്‍വ ഘട്ടങ്ങളില്‍ അസഹനീയമായ തൊണ്ട വേദന, ടോണ്‍സിലൈറ്റിസ്, ന്യൂമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.
ഗ്രൂപ്പ് എ സ്‌ട്രെപ്പ്‌റ്റോകോക്കസ് ബാക്ടീരീയ ശരീരത്തില്‍ ഹൈപ്പര്‍-ഇന്‍ഫ്‌ളമേറ്ററി പ്രതികരണത്തിന് കാരണമാകുന്ന വിഷവസ്തുക്കളെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഈ വിഷവസ്തുക്കളാണ് വ്യാപകമായ ടിഷ്യു നാശത്തിലേക്കും കഠിനമായ വീക്കത്തിലേക്കും നയിക്കുന്നു. ഇത് അതിവേഗത്തിലുള്ള ടിഷ്യു നെക്രോസിസ്, അങ്ങേയറ്റത്തെ വേദന എന്നിവയിലേക്ക് നയിക്കുന്നു.
ബാക്ടീരിയകള്‍ക്ക് രക്തപ്രവാഹത്തിലേക്കും അവയങ്ങളിലേക്കും അതിവേഗം പ്രവേശിക്കാന്‍ കഴിയും. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിലധികം അവയങ്ങളുടെ പരാജയത്തിന് കാരണമാകുന്നു. വിഷവസ്തുക്കളാണ് രോഗപ്രതിരോധ സംവിധാനത്തെ തടസ്സപ്പെടുത്തുന്നു. മരണം തടയുന്നതിന് അടിയന്തര വൈദ്യ ഇടപെടല്‍ ആവശ്യമാണ്.