കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി 4 പേർ മരിച്ചു
കൊല്ലം:അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വലയില്‍ കുടുങ്ങി വള്ളം മറിയുക ആയിരുന്നെന്നാണ് കോസ്റ്റല്‍ പൊലീസ് പറയുന്നത്.
ഇന്ന് രാവിലെ കായംകുളം വലിയഴീക്കലിൽ നിന്നാണ് മത്സ്യ ബന്ധനത്തിനായി വള്ളം പോയത്. വള്ളം തിരയിൽ പെട്ട് മറിയുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.