റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ ആറ് പ്രവാസികള്‍ മരിച്ചു. ഇവരില്‍ രണ്ട് പേർ മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം സ്വദേശികളായ രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ്. ഖാലിദിയ്യയിലെ പെട്രോൾ പമ്പിൽ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.