ഇരവിപുരത്ത് വീട് കത്തിനശിച്ചു; വീട്ടുകാര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഇരവിപുരം: ഇരവിപുരത്ത് തീപിടുത്തത്തില്‍ വീട് കത്തിനശിച്ചു. വീട്ടുകാര്‍ അപകടത്തില്‍ നിന്നു രക്ഷപെട്ടത് അത്ഭുതകരമായി. വ്യാഴാഴ്ച രാത്രി എട്ടേ കാലോടെയായായിരുന്നു സംഭവം. വീടിന് തീപിടിക്കുന്നതു കണ്ട് കൊച്ചു കുട്ടികളടക്കമുള്ള വീട്ടുകാര്‍ ഓടി മാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു.
തട്ടാമല സ്‌കൂളിനടുത്ത് മൈത്രി നഗറില്‍ തുളസീമന്ദിരത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇവിടെ വാടകക്ക് താമസിക്കുന്ന ശാര്‍ക്കര തൊടിയില്‍ റഹുമാന്‍ മന്‍സിലില്‍ റഹിമിന്റെ വീട്ടുപകരണങ്ങളും തവണ വ്യവസ്ഥയില്‍കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വീട്ടുപകരണങ്ങളുമാണ് കത്തി നശിച്ചത്. വീടിന്റെ പകുതിഭാഗം ഓടും മറ്റ് ഭാഗത്ത് കോണ്‍ഗ്രീറ്റുമാണ്. തീപിടുത്തത്തില്‍ വീടിന്റെ മുന്‍വശത്തെ ഓടിട്ട മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു.
വീട്ടുടമയുടെ ഭാര്യ ഹസീനയും മകള്‍ നിഷയും അവരുടെ മക്കളുമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുന്‍ഭാഗത്തെ മുറിയില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് വീടിന്റെ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഇവര്‍ പുറത്തേക്ക് എടുത്തിട്ട ശേഷം വീട്ടില്‍ നിന്നും ഓടി രക്ഷപെടുകയായിരിന്നു. വിവരമറിഞ്ഞ് നിരവധി യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.