Featuredhome bannerHome-bannerNationalNews

ടി ഷർട്ട് ഉയർത്തി കൈ കൊണ്ട് വയർ വരെ തടവി, ശ്വാസപരിശോധനയെന്ന മട്ടിൽ പൊക്കിളിൽ കയ്യമർത്തി: ബ്രിജ് ഭൂഷനെതിരെ എഫ്ഐആർ

ന്യൂഡൽഹി ∙ ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമായിരിക്കെയാണു ഗുരുതര കുറ്റങ്ങൾ ചുമത്തിയ വിവരം പുറത്തുവന്നത്.

ശ്വാസപരിശോധനയുടെ പേരിൽ വനിതാ താരങ്ങളുടെ ടി ഷർട്ട് മാറ്റി ശരീരത്തിൽ അപമര്യാദയോടെ തൊട്ടു, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവി, സ്വകാര്യവിവരങ്ങൾ തിരക്കി, ടൂർണമെന്റിനിടെ സംഭവിച്ച പരുക്കുകൾക്കു റെസ്‌ലിങ് ഫെഡറേഷൻ ചികിത്സ നൽകുന്നതിനു പ്രത്യുപകരമായി ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബ്രിജ് ഭൂഷണെതിരെ എഫ്ഐആറിൽ ഉള്ളതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

മുറിയിൽനിന്നു പുറത്തിറങ്ങുമ്പോൾ കൂട്ടമായേ നടക്കാറുള്ളൂവെന്നും ഒറ്റയ്ക്കു കണ്ടാൽ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളുമായി ബ്രിജ് ഭൂഷൻ സമീപിക്കുമെന്നും താരങ്ങൾ പരാതിയിൽ ആരോപിച്ചു. ‘‘ഒരിക്കൽ ബ്രിജ് ഭൂഷൻ എന്നെ വിളിപ്പിച്ചു. എന്റെ ടി ഷർട്ട് ഉയർത്തി കൈ കൊണ്ട് വയർ വരെ തടവി. ശ്വാസപരിശോധനയെന്ന മട്ടിൽ പൊക്കിളിൽ കയ്യമർത്തി’’– ഒരു പരാതിക്കാരി പറഞ്ഞു. ആരോഗ്യത്തിനും മികച്ച പ്രകടനത്തിനും നല്ലതെന്നു പറഞ്ഞ്, ഡയറ്റീഷ്യനോ ഡോക്ടറോ അംഗീകരിക്കാത്ത ‘അജ്ഞാത ഭക്ഷ്യവസ്തു’ നൽകിയതായും ആരോപിച്ചു.

മത്സരത്തിനിടെ പരുക്കേറ്റപ്പോൾ, ചികിത്സാച്ചെലവ് ഗുസ്തി ഫെഡറേഷൻ വഹിക്കാമെന്നും പകരമായി തന്റെ ലൈംഗികാവശ്യങ്ങൾ നിറവേറ്റിത്തരണമെന്നും ബ്രിജ് ഭൂഷൻ പറഞ്ഞതായി മറ്റൊരു ഗുസ്തിതാരം പരാതിയിൽ ചൂണ്ടിക്കാട്ടി. ‘‘മാറ്റിൽ കിടക്കവേ, ബ്രിജ് ഭൂഷൻ അടുത്തേക്കു വരികയും എന്നെ ഞെട്ടിച്ചുകൊണ്ട് കുനിഞ്ഞ് ടിഷർട്ട് ഉയർത്തുകയും ചെയ്തു. പരിശീലകന്റെ അസാന്നിധ്യത്തിലും എന്റെ സമ്മതമില്ലാതെയുമാണ് ഇങ്ങനെ ചെയ്തത്. ശ്വാസപരിശോധനയെന്ന മട്ടിൽ മാറിടത്തിൽ കൈ വയ്ക്കുകയും വയർ വരെ തടവുകയും ചെയ്തു’’– മറ്റൊരു താരം പരാതിയിൽ പറഞ്ഞു.

ഒരു ദിവസം റസ്റ്ററന്റിൽ അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ, ബ്രിജ് ഭൂഷൻ എന്നെ മാത്രം അയാളുടെ കൂടെയിരിക്കാൻ വിളിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട്, അനുമതിയില്ലാതെ, അയാളുടെ കൈ എന്റെ മാറിടത്തിൽ വയ്ക്കുകയും തടവുകയും ചെയ്തു. വയറ്റിലേക്കും കൈ എത്തിച്ചു. ഞാൻ അസ്വസ്ഥത കാണിച്ചിട്ടും കണ്ടില്ലെന്നു നടിച്ച് വീണ്ടും മാറിടത്തിലും വയറ്റിലും അങ്ങോട്ടുമിങ്ങോട്ടും മൂന്നുനാലുവട്ടം സ്പർശിച്ചു’’– മറ്റൊരു താരം പരാതിപ്പെട്ടു. ഒരിക്കൽ ബ്രിജ് ഭൂഷൻ കിടപ്പറയിലേക്കു ക്ഷണിക്കുകയും ബലമായി കെട്ടിപ്പിടിക്കുകയും ചെയ്തെന്നു മറ്റൊരു താരം ആരോപിച്ചു.

‘ടീമിന്റെ ഫോട്ടോ എടുക്കുന്ന സമയത്ത് ഞാൻ അവസാന നിരയിലാണു നിന്നിരുന്നത്. ബ്രിജ് ഭൂഷൻ എന്റെ അരികിൽ വന്ന് നിന്നു. എന്റെ നിതംബത്തിൽ ഒരു കൈ സ്പർശിച്ചപ്പോൾ ഞെട്ടിപ്പോയി. വൃത്തികെട്ട രീതിയിലും അസ്വസ്ഥമാകുന്ന തരത്തിലും പ്രവർത്തിച്ചതു ബ്രിജ് ഭൂഷനായിരുന്നെന്നു മനസ്സിലായി. മാറി നിൽക്കാൻ ശ്രമിച്ചപ്പോൾ അയാൾ എന്റെ ചുമലിൽ ബലമായി പിടിച്ചു നിർത്തി.’’– മറ്റൊരു പരാതിയിൽ പറയുന്നു. റസ്‍‌ലിങ് ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമറും മോശമായി പെരുമാറിയെന്ന് ആക്ഷേപമുണ്ട്.

ഗുസ്തി താരങ്ങളുടെ ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷൻ നിഷേധിച്ചു. ലൈംഗികാതിക്രമ പരാതി തെളിയിക്കപ്പെട്ടാൽ തൂക്കിലേറി മരിക്കാൻ തയാറാണ്. ഗുസ്തിയിൽ 20–ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയതിനു പിന്നിൽ തന്റെ കഠിനാധ്വാനവുമുണ്ടെന്നും കൈസർഗഞ്ചിൽ നിന്നുള്ള പാർലമെന്റ് അംഗമായ ബ്രിജ് ഭൂഷൻ പറഞ്ഞു. ബ്രിജ് ഭൂഷന് എതിരായ കേസുകൾ പരിഗണനയിലാണെന്നും അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും ഡൽഹി പൊലീസ് വിശദീകരിച്ചു.

അതിനിടെ, സമരവുമായി ശക്തമായി മുന്നോട്ടുപോകുകയാണ് ഗുസ്തി താരങ്ങൾ. കുരുക്ഷേത്രയില്‍ ചേരുന്ന രണ്ടാമത്തെ ഖാപ് പഞ്ചായത്തില്‍ തുടര്‍നടപടികളെ കുറിച്ചുള്ള അന്തിമതീരുമാനമെടുക്കും എന്നാണ് ഗുസ്തി താരങ്ങൾ അറിയിച്ചിരിക്കുന്നത്. കര്‍ഷക നേതാവ് രാജേഷ് ടികായത്ത് ഉള്‍പ്പടെയുള്ളവര്‍ പഞ്ചായത്തില്‍ പങ്കെടുക്കും.

അതിനിടെ, നിയമനടപടികളെ തുടര്‍ന്ന് ബ്രിജ്ഭൂഷണ്‍ അയോധ്യയില്‍ സംഘടിപ്പിക്കാനൊരുങ്ങിയ റാലി മാറ്റിവെച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങളില്‍ പോലീസ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ റാലി മാറ്റിവെക്കുകയാണന്നാണ് ബ്രിജ്ഭൂഷന്റെ വിശദീകരണം. ‘സന്യാസിമാരുടെ അനുഗ്രഹത്തോടെ’ തിങ്കളാഴ്ച റാലി നടത്തുമെന്നായിരുന്നു ബ്രിജ്ഭൂഷണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker