ന്യൂഡല്‍ഹി: രാജ്യത്ത് സഹിഷ്ണുതയുള്ള മുസ്ലിങ്ങള്‍ വിരലിലെണ്ണാവുന്നവരെ ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിങ് ബാഘേല്‍. അതുതന്നെ ഉപരാഷ്ട്രപതി, ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍ സ്ഥാനങ്ങള്‍ നേടാനുള്ള ഇത്തരക്കാരുടെ മുഖംമൂടിയാണെന്നും സ്ഥാനമൊഴിയുമ്പോഴാണ് ഇത്തരക്കാരുടെ യഥാര്‍ഥമുഖം വെളിവാക്കപ്പെടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആര്‍.എസ്.എസിന്റെ പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. വാർത്താ ഏജൻസി പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കേന്ദ്ര നിയമസഹമന്ത്രിയാണ് സത്യപാല്‍ സിങ് ബാഘേല്‍. ആര്‍.എസ്.എസിന്റെ മാധ്യമവിഭാഗമായ ഇന്ദ്രപ്രസ്ഥ വിശ്വസംവാദ കേന്ദ്രത്തിന്റെ ദേവ് ഋഷി നാരദ് പത്രകാര്‍ സമ്മാന്‍ സമാരോഹ് എന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങിലാണ് പരാമര്‍ശം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്ര വിവരാവകാശ കമ്മിഷണറുമായ ഉദയ് മഹൂര്‍കറിന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായിട്ടായിരുന്നു ബാഘേലിന്റെ പ്രസ്താവന.
‘വിരലിലെണ്ണാവുന്ന മുസ്ലിങ്ങളേ സഹിഷ്ണുക്കളായുള്ളൂ. അത്തരക്കാര്‍ ആയിരത്തിലധികംപോലും ഉണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍, അതുപോലും സമൂഹത്തില്‍ ജീവിക്കാനുള്ള മുഖംമൂടിയാണ്. ഉപരാഷ്ട്രപതിയുടേയോ ഗവര്‍ണറുടേയോ വൈസ് ചാന്‍സലര്‍മാരുടേയോ ഔദ്യോഗിക വസതികളിലേക്ക് വഴിയുണ്ടാക്കുന്നതിനാണിത്. ഇത്തരക്കാര്‍ കസേരയൊഴിയുമ്പോഴാണ് അവരുടെ യഥാര്‍ഥ്യം വ്യക്തമാക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകുന്നത്’, ബാഘേല്‍ പറഞ്ഞു.
സഹിഷ്ണുക്കളായ മുസ്ലിങ്ങളെ കൂടെക്കൂട്ടിവേണം ഇസ്ലാമിക മൗലികവാദത്തെ എതിര്‍ക്കേണ്ടതെന്നായിരുന്നു ഉദയ് മഹൂര്‍കറിന്റെ പരാമര്‍ശം. മുഗള്‍ ഭരണകാലത്ത് ഹിന്ദു- മുസ്ലിം ഐക്യത്തിനായി അക്ബര്‍ നിലകൊണ്ടുവെന്നും ഛത്രപതി ശിവജി അദ്ദേഹത്തെ അത്തരത്തിലാണ് പരിഗണിച്ചതെന്നും മഹൂര്‍കര്‍ പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്ത ബാഘേല്‍ അക്ബറിന്റേത് വെറും തന്ത്രങ്ങളായിരുന്നുവെന്നും കുറ്റപ്പെടുത്തി.
വളരെക്കാലം ഭരണാധികാരികളായിരുന്ന ന്യൂനപക്ഷങ്ങള്‍ തങ്ങളെങ്ങനെയാണ് പ്രജകളായി കഴിയുക എന്ന് കരുതുന്നു. മികച്ച വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. അത് ഒരുകാലത്ത് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. മദ്രസയില്‍ വിദ്യാഭ്യാസം നേടിയാല്‍ അവര്‍ ഉറുദു, അറബി, പേര്‍ഷ്യന്‍ ഭാഷകള്‍ പഠിക്കുന്നു. എല്ലാ സാഹിത്യങ്ങളും നല്ലതാണ്. പക്ഷേ, ഇവ പഠിക്കുന്നതുകൊണ്ട് അവര്‍ ഇമാമുകളായി മാറുന്നു. എന്നാല്‍, ഫിസിക്‌സും കെമിസ്ട്രിയും പഠിച്ചാല്‍ അവര്‍ അബ്ദുള്‍കലാമായി മാറുമെന്നും ബാഘേല്‍ പറഞ്ഞു.