ഷൂട്ട് ചെയ്ത ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാല്‍ മാത്രം അഭിനയിക്കാമെന്ന് പറഞ്ഞത് ഷെയിന്‍ നിഗം,കയ്യൊടിഞ്ഞപ്പോള്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചത് ആന്റണി വര്‍ഗീസ്? മലയാള സിനിമയ്ക്ക് തലവേദനയായി യുവതാരങ്ങള്‍;അച്ചടക്കത്തിന്റെ വാളുമായി ഫെഫ്ക
കൊച്ചി:കൊറോണ കാലത്തിനുശേഷം മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.ഓരോ ആഴ്ചയിലും അഞ്ചും ആറും സിനിമകള്‍ റിലീസ് ആകുന്നുവെങ്കിലും നഷ്ടത്തിന്റെ കണക്ക് മാത്രമാണ് സിനിമാ മേഖലയ്ക്കുള്ളത്.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ റിലീസ് ചെയ്ത് 95 ശതമാനം സിനിമകളും ബോക്‌സ് ഓഫീസില്‍ കുത്തിയിരുന്നു.ഒരാഴ്ചപോലും ഓടാതെ സിനിമകള്‍ തീയറ്റര്‍ വിടുന്നുവെങ്കിലും ഓരോ ചിത്രം കഴിയുമ്പോഴും യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയര്‍ത്തുകയാണ്.താരങ്ങളുടെ പ്രതിഫലം നിര്‍മ്മാതാക്കള്‍ക്ക് താങ്ങാനാവിന്നില്ലെന്ന് പരാതിയും ഉയര്‍ന്നിരുന്നു.
മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയിലെ മുടിചൂടാ മന്നന്മാരായി ഇപ്പോഴും നിലനിൽക്കുന്നത് സിനിമയോടുള്ള അവരുടെ അർപ്പണ മനോഭാവം കൊണ്ടാണ്. ഷൂട്ടിങ് സൈറ്റിലെ ഇടപെടൽ പോലും ഇവരെ കണ്ടു പഠിക്കണമെന്ന് പറയുന്നവരുണ്ട്. അതേസമയം ഇപ്പോഴത്തെ യുവതാരങ്ങൾ നേരെ മറിച്ചാണ്. ഇവർ ഷൂട്ടിങ് സൈറ്റിൽ നിരന്തരം വിവാദങ്ങളിൽ പെട്ടു നിൽക്കുന്നവരാണ് ഇത്തരക്കാർക്കെതിരെയാണ് ഇന്നലെ ഫെഫ്ക വടിയെടുത്തു രംഗത്തുവന്നത്.
ആർഡിഎക്‌സ് എന്ന സിനിമയിലെ സൈറ്റിൽ ഷെയിൻ നിഗമാണ് ഷൂട്ട് ചെയ്ത റഷസ് കാണണം എന്നു പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കിയത്. ഈ പ്രശ്‌നം തീർക്കാൻ പിന്നീട് ഫെഫ്ക ഇടപെടേണ്ട അവസ്ഥയും ഉണ്ടായി. ഇക്കാര്യമാണ് ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതും.
പ്രധാനമായും മൂന്ന് യുവതാരങ്ങളെ കുറിച്ചുള്ള പരാതിയാണ് ഫെഫ്ക്കയ്ക്ക് മുന്നിൽ എത്തിയത്. മുടിമുറിക്കൽ വിവാദം കഴിഞ്ഞ് വീണ്ടും സജീവമായ ഷെയിൻ നിഗമിനെതിരെയാണ് വ്യാപക പരാതി ഉയർന്നത്. സോഫിയ പോളിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോൾ ഈ സിനിമയിലെ സഹനടൻ ആയിരുന്ന ആന്റണി വര്‍ഗീസ് പെപ്പെയുടെ കൈ ഒടിഞ്ഞിരുന്നു. ഒടിവ് നേരെയാക്കി സഹനടനെത്തിയപ്പോഴേക്കും യുവനായകനായ ഷെയിൻ ഉടക്കുമായി രംഗത്തുവന്നു.
പലതും പറഞ്ഞ് സിനിമ നീണ്ടു. വീണ്ടും സെറ്റിലെത്തണമെങ്കിൽ പ്രതിഫലം കൂട്ടണമെന്നു വരെ ആവശ്യം വരെ ഉന്നയിച്ചു. പ്രിയദർശൻ ചിത്രമായ കൊറോണ പേപ്പേഴ്‌സിൽ അഭിനയിച്ചതോടെ താരമൂല്യം ഉയർന്നു എന്നു പറഞ്ഞായിരുന്നു നടന്റെ രംഗപ്രവേശം. ഈ സിനിമയുടെ ചിത്രീകരണ്ത്തിനിടെയാണ് ഷൂട്ടിങ് റഷസ് കാണണമെന്ന് താരം വാശിപിടിച്ചതും. ഇക്കാര്യമാണ് ഫെഫ്ക് പ്രധാനമായും ചൂണ്ടിക്കാട്ടിയതും.
മറ്റു രണ്ടു പേരും അടുത്തിടെ നായകനിരയിൽ എത്തി നിൽക്കുന്നവരാണ്. ഇതിലൊരാൾക്ക് ഏർപ്പെടുത്തിയ വിലക്ക് അടുത്തിടെയാണ് നീങ്ങിയത്. പലരും ബിസി ഷെഡ്യൂളുകളുമായി മുന്നോട്ടു പോകുന്നവരാണ്. ഇപ്പോഴത്തെ നിലയിൽ താക്കീത് എന്ന നിലയിലാണ് ഫെഫ്ക വാർത്താസമ്മേളനം വിളിച്ചു നിലപാട് വ്യക്തമാക്കിയത്. ഇതിനെയും വകവെക്കാതെ വന്നാൽ വിലക്ക് അടക്കമുള്ള നടപടികളിലേക്ക് നീക്കാനും സംഘടന ആലോചിക്കുന്നുണ്ട്.
‘ഈ അഭിനേതാക്കൾ ഒരു കാര്യം മനസ്സിലാക്കണം. നിർമ്മാതാവും സാങ്കേതികപ്രവർത്തകരുമില്ലെങ്കിൽ ഒരു അഭിനേതാവിനും പ്രസക്തിയില്ല. താരകേന്ദ്രീകൃതമാണു സിനിമയെന്നു പറയുമ്പോഴും തൊഴിൽപരമായ മര്യാദ പാലിച്ചേ തീരൂ’. ഫെഫ്ക ജനറൽ കൗൺസിലിനു ശേഷം ഉണ്ണിക്കൃഷ്ണൻ ഇന്നലെ അടിവരയിട്ടു വ്യക്തമാാക്കിയിരുന്നു. പ്രശ്‌നമുണ്ടാക്കുന്നവരുടെ പേര് പിന്നീട് പരസ്യമാക്കുമെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.
”മലയാള സിനിമയിലെ ചില നടീനടന്മാർ വല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഒരേ സമയം പല സിനിമകൾക്ക് തീയതി കൊടുക്കുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തയാറാക്കിയ, അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ അംഗീകരിച്ച എഗ്രിമെന്റ് ഒപ്പിടുന്നില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിഷേയനും ഫെഫ്കയും ഇതുപോലുള്ള കൃത്യമായ ചില എഗ്രിമെന്റുകളിലേക്ക് കടന്നിരിക്കുകയാണ്. ഞങ്ങൾ മാത്രമല്ല സിനിമയിലെ മറ്റ് വിഭാഗങ്ങൾക്കും ഇതുപോലുള്ള എഗ്രിമെന്റ് ഉണ്ട്. ഈ എഗ്രിമെന്റ് ഒപ്പിട്ടുകഴിഞ്ഞാൽ ഇവർക്ക് കൃത്യമായ ഡേറ്റ് നൽകാതിരിക്കാനാകില്ല.
ചില അഭിനേതാക്കൾ എഡിറ്റിങ് കാണിക്കാൻ ആവശ്യപ്പെടുകയാണ്. അവരെ മാത്രമല്ല അവർക്ക് വേണ്ടപ്പെട്ടവരെയും നമ്മൾ കാണിക്കണം. ഇത് അവരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ ബാക്കി കാര്യങ്ങളിലേക്ക് കടക്കൂ. ഡബ്ബിങ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാൻ ഒരു നടൻ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്. ഇതൊക്കെ കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ്.”ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പം ഫെഫ്ക നിൽക്കുമെന്നും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു. പണം മുടക്കിയ നിർമ്മാതാക്കളെ മാത്രമേ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്കയുടെ തീരുമാനം. എന്നാൽ സർഗാത്മകമായ ചർച്ചകൾക്ക് അവസരം നൽകും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എടുക്കുന്ന ഏതു തീരുമാനത്തോടും ഒപ്പം നിൽക്കാനാണ് തീരുമാനം. നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നവരുടെ മുന്നിൽ തങ്ങളുടെ അവകാശങ്ങൾ ബലികഴിക്കാൻ സമ്മതമല്ല. സിനിമാ മേഖലയിൽ സ്ത്രീ സാന്നിധ്യം ഉറപ്പ് വരുത്താൻ ചലച്ചിത്ര വികസന കോർപറേഷൻ മുന്നോട്ട് വന്നതിന്റെ തുടർച്ചയെന്നോണം, അത്തരം സിനിമകൾ തിയറ്ററിൽ നിലനിർത്താൻ കൂടി മുൻകൈ എടുക്കണമെന്ന അഭിപ്രായവും ഫെഫ്ക മുന്നോട്ട് വച്ചു.