ഫാത്തിമയുടെ മരണം ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തിലേക്ക്
ചെന്നൈ : മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫ് മരണത്തില്‍ കൂടുതല്‍ സമരപ്രഖ്യാപനവുമായി ഐ..ഐ.ടി വിദ്യാര്‍ത്ഥികള്‍.പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി കേസ് ഒതുക്കിയാല്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഐഐടി വിദ്യാര്‍ഥികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ചിന്താബാര്‍ അറിയിച്ചു.ചിന്താബാറിന്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു സമരപ്രഖ്യാപനം. ആവശ്യമുന്നയിച്ച് വിദ്യാര്‍ഥികള്‍ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.
വിദ്യാര്‍ഥിയുടെ മരണത്തില്‍ കേന്ദ്രത്തിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഫാത്തിമയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം പറഞ്ഞിരുന്നു.
ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സരയൂ ഹോസ്റ്റലിലെത്തി പരിശോധന നടത്തിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, ഐഐടിയിലെ അധ്യാപകരില്‍ നിന്നും പ്രതികരണം തേടിയിരുന്നു. സ്ഥിതി വിലയിരുത്തി എന്നും സത്യം പുറത്ത് വരുമെന്നും ആര്‍ സുബ്രഹ്മണ്യം വ്യക്തമാക്കി. മതപരമായ വിവേചനം നേരിട്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങളില്‍ അടക്കം വ്യക്തത ഉണ്ടാകും. അന്വേഷണത്തെ ബാധിക്കുന്ന ഇടപെടല്‍ നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു.
ഒരാഴ്ചയ്ക്കകം കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ് ആവശ്യപ്പെട്ടിരുന്നു.