KeralaNews

ഒന്നര വയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെ പരാതിയുമായി അച്ഛൻ; കേസെടുത്തു, വ്യാജമെങ്കിൽ കടുത്ത നടപടി എന്ന് ഹൈക്കോടതി മുന്നറിയിപ്പ്‌

തൃശൂർ: ഒന്നര വയസുള്ള പെൺകുട്ടിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി. സംഭവത്തിൽ പരാതി നൽകിയതാകട്ടെ കുട്ടിയുടെ അച്ഛനും.  തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് വിചിത്രമായ കേസും ഹൈക്കോടതി ഇടപെടലും അടക്കമുള്ള സംഭവങ്ങൾ ഉണ്ടായത്. ഒന്നരവയസു മാത്രം ഉള്ള കുഞ്ഞിനെ അതും പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കുഞ്ഞിന്റെ അച്ഛൻ പൊലീസിൽ നൽകിയ പരാതി.

കേസിൽ പ്രതിസ്ഥാനത്ത് ഉള്ളതാകട്ടെ ഒന്നര വയസുകാരിയുടെ അമ്മയും. പിന്നാലെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. പാലുകുടി പോലും മാറാത്ത കുഞ്ഞിന്റെ അമ്മയ്ക്കെതിരായ പരാതിയിൽ കേസെടുത്ത പൊലീസിനോട് രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.   അമ്മയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി, പോക്സോ കേസ് തെറ്റെന്ന് തെളിഞ്ഞാൽ അച്ഛനെതിരെ നടപടി എടുക്കണമെന്നും നിർദേശിച്ചു.

മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത പൊലീസ് നടപടിയിൽ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ആശ്ചര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് കേസിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിന് നിര്‍ദേശം നൽകി. വൈവാഹിക തർക്കം നാടിന് നാണക്കേടുണ്ടാക്കുന്ന തരത്തിലായെന്നും കോടതി നിരീക്ഷിച്ചു.  ഹർജിക്കാരിയും ഭർത്താവും തമ്മിൽ വൈവാഹിക തർക്കത്തിന് പുറമെ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിലുണ്ട്. ഇതിനിടയിലാണ് കുട്ടിക്ക് നേരെ യുവതിയിൽ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന് ഭർത്താവ് പരാതി നൽകിയത്. 

നേരത്തെ പുരുഷൻമാർക്ക് നേരെയുള്ള ലൈംഗികാതിക്രമ പരാതികൾ വ്യാജമാണെന്ന് കണ്ടാൽ സ്ത്രീകൾക്കെതിരെ നടപടി ഉണ്ടാകണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചിരുന്നു. ഇത് വ്യാജപരാതികൾ ഉന്നയിക്കുന്ന പുരുഷൻമാർക്കും ബാധകമാണെന്ന് കോടതി ഈ കേസ് പരിഗണിക്കവെ വ്യക്തമാക്കി.  സ്ത്രീ പരാതി ഉന്നയിച്ചതെന്നത് കൊണ്ട് മാത്രം ആരോപണങ്ങളെല്ലാം സത്യമാകണമെന്നില്ലെന്നും പരാതികളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചത്.

ചില സ്ത്രീകൾ ഗുരുതരമായ ലൈംഗികാരോപണങ്ങൾ നിരപരാധികൾക്കെതിരെ ഉന്നയിക്കുന്ന പ്രവണതയുണ്ടെന്നും പരാതികളിൽ മറുഭാഗത്തിന് പറയാനുള്ളത് കേൾക്കാതിരിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker