അങ്കമാലി: മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ പണം സ്വരൂപിച്ചു വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ വിറ്റ് മദ്യപിച്ച ചെയ്ത പിതാവ് അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി സാബു(41)വിനെയാണ് അങ്കമാലി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വിറ്റ പണംകൊണ്ട് മദ്യപിക്കുന്നതിനിടെ അങ്കമാലിയിലെ ഒരു കള്ള് ഷാപ്പില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സാബുവിന്റെ പ്ലസ് ടൂ പാസായ മൂത്ത മകള്‍ക്കും പത്താംക്ലാസ് പാസായ രണ്ടാമത്തെ മകള്‍ക്കും എലാവിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ഇളയ കുട്ടിയും പഠനത്തില്‍ മികവ് പുലര്‍ത്തുന്നുണ്ട്. ഇതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് 15,000 രൂപയുടെ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. സ്ഥിരം മദ്യപാനിയായ സാബു മദ്യപിക്കാന്‍ പണം ഇല്ലാതെ വന്നതോടെ ഭാര്യയെയും മക്കളെയും മര്‍ദിച്ച ശേഷം ഫോണ്‍ കൈക്കലാക്കുകയായിരുന്നു.
സാബുവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഇളയമകള്‍ അയല്‍വീട്ടിലേക്ക് ഓടിപ്പോയതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. അയല്‍വാസികള്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സാബുവിന്റെ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്നിറങ്ങിയ പ്രതി ചൊവ്വാഴ്ച രാവിലെ തന്നെ മൊബൈല്‍ ഫോണ്‍ മറിച്ച് വിറ്റിരുന്നു. ഇതിനു ശേഷം ഈ പണം കൊണ്ട് മദ്യപിക്കുന്നതിനിടെ കള്ള് ഷാപ്പില്‍ നിന്ന് ഇയാള്‍ പോലീസ് പിടിയിലായത്. പ്രതി സാബു നേരത്തെ ചാരായം വാറ്റ്, മോഷണം അടക്കമുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു.