
കൊച്ചി: എറണാകുളം ആലുവയില്‍ മകളുമായി അച്ഛൻ പുഴയില്‍ ചാടി മരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് നാട്. ചെങ്ങമനാട് സ്വദേശി ലൈജുവാണ് ആറ് വയസുകാരിയായ മകള്‍ ആര്യ നന്ദയെയും എടുത്ത് പുഴയിൽ ചാടി മരിച്ചത്. ലൈജുവിന്‍റെ മരണത്തിന്‍റെ കുടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വാട്സ് ആപ് കുടുംബ ഗ്രൂപ്പിൽ മരിക്കുകയാണെന്ന് പോസ്റ്റിട്ടാണ് ലൈജു മകളെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തന്നെ കുടുംബാംഗങ്ങൾ അന്വേഷിച്ചിറങ്ങിയിരുന്നു. അതിനിടയിലാണ് ലൈജുവിന്‍റെ സ്കൂട്ടർ മാർത്താണ്ഡ വർമ്മ പാലത്തിന് സമീപത്തെ റോഡരികിൽ നിന്നും കണ്ടെത്തിയത്. ഇതോടെ സംശയം കൂടുതൽ ബലപ്പെട്ടു.
അതിനിടയിൽ തന്നെ രണ്ട് പേര്‍ പുഴയിലേക്ക് ചാടുന്നത് കണ്ടെന്ന് ചിലര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതോടെ പൊലീസും സ്ഥലത്തെത്തി. ലൈജുവിന്‍റെ സ്കൂട്ടറാണെന്ന് ബന്ധുക്കൾ ഉറപ്പിച്ചതോടെ സംശയം കൂടുതൽ ബലപ്പെട്ടു. ഇതോടെ ലൈജുവും മകളുമാണ് പുഴയിൽ ചാടിയതെന്ന് സംശയിച്ച് പൊലീസും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആദ്യം ലിജുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറു വയസുകാരി ആര്യ നന്ദയെങ്കിലും രക്ഷപ്പെടണേയെന്നായിരുന്നു പിന്നെ അവിടെ കൂടിയവരുടെ പ്രാർത്ഥന. എന്നാൽ ആ പ്രാർത്ഥനകളെല്ലാം വിഫലമാക്കികൊണ്ട് ആര്യയുടെയ മൃതദേഹവും പിന്നാലെ കണ്ടെടുത്തു. സ്ഥലത്ത് കൂടിയിരുന്നവർക്കെല്ലാം നൊമ്പരമായി മാറുന്നതായിരുന്നു അവിടുത്തെ കാഴ്ച.
ആര്യ നന്ദക്കൊപ്പം ബൈക്കിലെത്തിയ ലൈജു റോഡരുകില്‍ ബൈക്ക് നിര്‍ത്തിയ ശേഷം മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും മകള്‍ക്കൊപ്പം പുഴയിലേക്ക് ചാടുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് കുടുംബ വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റിട്ട ശേഷം ലൈജു വീട്ടില്‍ നിന്ന് ഇറങ്ങിയത്.
ലൈജുവിന് അത്യാവശ്യം സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് നാട്ടുകാരടക്കം പറയുന്നത്. എന്നാൽ പെട്ടന്ന് ഇങ്ങനെ ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. തുടർന്നുള്ള അന്വേഷണത്തിലാകും ഇക്കാര്യം വെളിപ്പെടുക.