സമരം കടുപ്പിക്കും; കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് കര്‍ഷകര്‍ പിന്മാറി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി കര്‍ഷക സംഘടനകള്‍. സമരം കടുപ്പിക്കാനാണ് തീരുമാനം. ഭാവി പരിപാടികളില്‍ ഇന്ന് തീരുമാനമെടുക്കും.
അതേസമയം കര്‍ഷകസമരം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരും. കര്‍ഷകര്‍ക്ക് മുന്നില്‍ വയ്ക്കുന്ന പുതിയ നിര്‍ദേശങ്ങളാകും സമിതി ചര്‍ച്ച ചെയ്യുക. പുതിയ നിര്‍ദേശങ്ങള്‍ പതിനൊന്ന് മണിയോടെ കര്‍ഷകര്‍ക്ക് നല്‍കാം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു.
വിഡിയോ കോണ്‍ഫറന്‍സിലൂടെ ആകും മന്ത്രിസഭാ ഉപസമിതി യോഗം നടക്കുക. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കൊണ്ടുള്ള ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടെന്ന് ഇതിനകം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എതാനും പുതിയ നിര്‍ദേശങ്ങളും ഇന്ന് പരിഗണിക്കും എന്നാണ് വിവരം.
അതേസമയം വീട്ടുതടങ്കല്‍ വിവാദത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നിലപാട് വ്യക്തമാക്കി. സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഒപ്പം തുടരാന്‍ തന്നെ അനുവദിച്ചില്ലെന്നും വീട്ടില്‍ അവര്‍ക്കായി താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു എന്നും കേജ്രിവാള്‍ വ്യക്തമാക്കി.