ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം അറിയിച്ചിരിക്കുന്നു. ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും അടച്ച് പ്രക്ഷോഭം നടത്താനാണ് കര്‍ഷക സംഘടനകള്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. സമരം ബുരാരി ഗ്രൗണ്ടിലേക്ക് മാറ്റില്ലെന്ന് നേരത്തെ കര്‍ഷകര്‍ അറിയിച്ചിരുന്നു.
ബുരാരി ഗ്രൗണ്ട് തുറന്ന ജയിലാണെന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയെന്ന് പറഞ്ഞ കര്‍ഷകര്‍, ഉത്തരാഖണ്ഡില്‍ നിന്നെത്തിയ കര്‍ഷകരെ പോലീസ് തെറ്റിദ്ധരിപ്പിച്ച് ബുരാരി ഗ്രൗണ്ടിലേക്ക് മാറ്റിയെന്നും പറഞ്ഞു. ജന്തര്‍ മന്ദറിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പോലീസ് ഇവരെ ബുരാരി ഗ്രൗണ്ടിലേക്ക് മാറ്റുകയുണ്ടായത്. ഗ്രൗണ്ടിന് ചുറ്റും പോലീസ് വലയം തീര്‍ത്തിരിക്കുകയാണ്-കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ഞങ്ങളുടെ പക്കല്‍ നാലുമാസത്തെ റേഷനുണ്ട്. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. ഞങ്ങളുടെ ഓപ്പറേഷന്‍ കമ്മിറ്റി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. തുറന്ന ജയിലായ ബുരാരി ഗ്രൗണ്ടിലേക്ക് പോകുന്നതിന് പകരം ഡല്‍ഹിയിലേക്കുള്ള അഞ്ച് വഴികളും ഞങ്ങള്‍ അടയ്ക്കും’ ബികെയു ക്രാന്തികാരി പഞ്ചാബ് നേതാവ് സുരേഷ് എസ് ഫോല്‍ പറഞ്ഞു.
എന്നാൽ അതേസമയം, ഹരിയാന-ഡല്‍ഹി ബോര്‍ഡര്‍ ആയ സിംഗുവില്‍ എത്തിയ കര്‍ഷകര്‍ പൊലീസിനെ വളഞ്ഞു. നാലുവശത്തുനിന്നും വളഞ്ഞ കര്‍ഷകരുടെ നടുവിലാണ് ഇപ്പോള്‍ പോലീസ് നിൽക്കുന്നത്.