അഞ്ചു ലിറ്റര്‍ പാല്‍ കറന്നിരുന്ന എരുമ പാല്‍ നല്‍കുന്നില്ല; പരാതിയുമായി കര്‍ഷകന്‍ പോലീസ് സ്റ്റേഷനില്‍
ഭോപാല്‍: വ്യത്യസ്തമായ പരാതിയുമായി മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ക്ഷീര കര്‍ഷകന്‍ പോലീസ് സ്‌റ്റേഷഷനില്‍. പാല്‍ കറന്നെടുക്കാന്‍ എരുമ സമ്മതിക്കുന്നില്ലെന്നാണ് ബാബുലാല്‍ ജാദവ് എന്ന കര്‍ഷകന്റെ പരാതി. തന്റെ എരുമ പാല്‍ കറന്നെടുക്കാന്‍ സമ്മതിക്കുന്നില്ലെന്നും ദുര്‍മന്ത്രവാദമാണ് ഇതിന് കാരണമെന്നുമാണ് ഇദ്ദേഹം ആരോപിക്കുന്നത്.
ശനിയാഴ്ച 45കാരന്‍ പരാതിയുമായി നായഗോണ്‍ പോലീസ് സ്റ്റേഷനിലെത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. കര്‍ഷകന്റെ പരാതി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അരവിന്ദ് ഷാ സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസവും അഞ്ചുലിറ്റര്‍ പാല്‍ എരുമ നല്‍കിയിരുന്നു. രണ്ടു ദിവസമായി എരുമ പാല്‍ നല്‍കാന്‍ സമ്മതിക്കുന്നില്ല. ദുര്‍മന്ത്രവാദത്തെ തുടര്‍ന്നാണ് എരുമ പാല്‍ നല്‍കാന്‍ വിസമ്മതിക്കുന്നതെന്നു കര്‍ഷകന്‍ പരാതിപ്പെടുന്നു.
പരാതി നല്‍കി നാലുമണിക്കൂറിന് ശേഷം വീണ്ടും ബാബുലാല്‍ എരുമയുമായെത്തി പോലീസിന്റെ സഹായം തേടുകയായിരുന്നു. ‘വെറ്ററിനറി ഉപദേശങ്ങള്‍ തേടുന്നതിന് കര്‍ഷകനെ സഹായിക്കാന്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജിന് നിര്‍ദേശം നല്‍കിയിരുന്നു. കര്‍ഷകന്‍ ഇന്ന് വീണ്ടും പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ പാല്‍ കറന്നെടുക്കാന്‍ എരുമ സമ്മതിച്ചുവെന്ന് അദ്ദേഹം അറിയിച്ചു’ -ഷാ പറഞ്ഞു.