കോഴിക്കോട്: പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കോഴികളെ കൊന്നൊടുക്കിയ വെസ്റ്റ് കൊടിയത്തൂരിലെ നഴ്സറി ഉടമയെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നുവെന്ന് പരാതി. പുതിയോട്ടില്‍ മജീദിനെയും കുടുംബത്തിനെയുമാണ് നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നത്. വര്‍ഷങ്ങളായി പാല്‍ വിറ്റും കോഴിയെ വിറ്റുമെല്ലാം ഉപജീവനം നടത്തി വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാല്‍ പോലും ആരും വാങ്ങുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
കുട്ടികളെ പോലും മറ്റ് വീടുകളില്‍ കയറുന്നതിന് ആളുകള്‍ വിലക്കുകയാണെന്ന് മജീദ് പറയുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നല്ല രീതിയില്‍ ഫാം നടത്തി കൊണ്ട് പോവുകയായിരുന്നു മജീദും സെറീനയും. ജില്ലയുടെ മിക്കയിടങ്ങളിലേക്കും ഇവിടെ നിന്നു കോഴികളെ കയറ്റി അയക്കാറുണ്ടായിരുന്നു. പക്ഷേ ഇങ്ങനെയൊരു സംഭവം ഇതു വരെയുണ്ടായിട്ടില്ല. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. പാല്‍ വില്‍പ്പനകൂടി നിന്നതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണെന്ന് മജീദ് പറയുന്നു.
മജീദിന്റെ വീട്ടിലെ കോഴികള്‍ ചത്തു തുടങ്ങിട്ട് ഒരാഴ്ട പിന്നിട്ടു. യാതൊരു ലക്ഷണവുമില്ലാതെ ചത്ത് വീഴുകയായിരുന്നു. നിലവില്‍ 2000 ഓളം കോഴികളാണ് മജീദിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എഗ്ഗര്‍ നഴ്‌സറിയില്‍ നിന്ന് ചത്തത്. ശേഷിക്കുന്ന 150 ഓളം കോഴികളെ ഇന്ന് കൊന്നൊടുക്കുകയും ചെയ്തു.