വൈപ്പിനില്‍ അച്ഛനും അമ്മയും മകളും മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
വൈപ്പിന്‍: അച്ഛനും അമ്മയും മകളും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുവൈപ്പ് ആനക്കാരന്‍ വീട്ടില്‍ സുഭാഷ് (54), ഭാര്യ ഗീത (53), മകള്‍ നയന (24) എന്നിവരെയാണ് ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.
സഹോദരങ്ങള്‍ക്കും പോലീസിനുമായി എഴുതിയ കത്തുകളില്‍ ഒരുമിച്ചു തീരുമാനം എടുത്ത് ജീവനൊടുക്കുകയാണെന്നാണ് എഴുതിയിരിക്കുന്നത്. മറ്റാരും മരണത്തിന് ഉത്തരവാദികളല്ലെന്നും കത്തുകളിലുണ്ട്. സുഭാഷിന്റെ സഹോദരന്‍ സുരേഷ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ജോലിക്കായി ബംഗളൂരുവില്‍ പോയിരുന്ന നയനയെ കാണാതായതിനെ തുടര്‍ന്ന് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒന്നര മാസം മുന്‍പായിരുന്നു ഈ സംഭവം. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഞായറാഴ്ച നയന വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത കൂട്ട ആത്മഹത്യ.