തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാജ എക്‌സ് റേ-യാണെന്ന് വടകര എം.എല്‍.എ കെ.കെ. രമ. കൈയ്ക്ക് പരിക്കുണ്ടെന്നും എം.ആര്‍.ഐ സ്‌കാന്‍ ആവശ്യമാണെന്നും ഡോക്ടര്‍ നിര്‍ദേശിച്ചതായും കെ.കെ. രമ പറഞ്ഞു. നിയമസഭാതര്‍ക്കത്തില്‍ തനിക്കേറ്റ പരിക്കുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രാരണം നടക്കുന്ന പശ്ചാത്തലത്തില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
ആശുപത്രിയില്‍ നിന്ന് പുറത്തുപോയ എക്‌സ് റേ അല്ല സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരായി പ്രചരിപ്പിക്കപ്പെടുന്നതെന്ന് രമ പറഞ്ഞു. സാധാരണയായി എക്‌സ് റേ ഷീറ്റിന്റെ താഴെയാണ് രോഗിയുടെ വിവരങ്ങളുണ്ടാകുക. എന്നാല്‍ പ്രചരിച്ച ചിത്രങ്ങളുല്‍ മുകളിലായിരുന്നു വിവരങ്ങള്‍. പ്രചരിച്ച ചിത്രം വ്യാജമാണെന്ന് ഇതിലൂടെ തിരിച്ചറിയാമെന്ന് ഡോക്ടര്‍ പറഞ്ഞതായും രമ ചൂണ്ടിക്കാട്ടി.
സച്ചിന്‍ ദേവ് എം.എല്‍.എ അടയ്ക്കമുള്ളവര്‍ക്കെതിരായ പരാതി ഡി.ജി.പി ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പരാതിയുമായി ശക്തമായിത്തന്നെ മുന്നോട്ടുപോകുമെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.