‘വെള്ളേപ്പം’ എന്ന സിനിമയുടെ ക്യാമറമാനായ ഷിഹാബ് ഓങ്ങല്ലൂരും സംഘവും തീവ്രവാദികളെന്ന് ഫേസ്ബുക്കിലൂടെ വ്യാജപ്രചാരണം. ‘മോദിരാജ്യം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വ്യാജപ്രചാരണം നടത്തിയത്. ഷിഹാബിനൊപ്പം ഉണ്ടായിരുന്ന ഷംനാദ് എന്ന സുഹൃത്തിന്റെ ചിത്രമടക്കം പങ്കുവെച്ചു കൊണ്ടാണ് വ്യാജ പ്രചാരണം. തമിഴ്‌നാട് സ്വദേശിയായ ശ്രീനിവാസ രാഘവന്‍ എന്നയാള്‍ മോദിരാജ്യം എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്.
മരുതമലൈ ക്ഷേത്രത്തില്‍ ഉത്സവം നടക്കുകയാണെന്നും അതിനിടെ അവിടെ ഒരു വാഹനം കറങ്ങി നടക്കുന്നു എന്നും അവര്‍ പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണെന്നുമായിരുന്നു പോസ്റ്റില്‍ ഉണ്ടായിരുന്നത്. എന്തിനാണ് ഇവര്‍ ഇവിടെ കറങ്ങി നടക്കുന്നതെന്നും വിശ്വാസികള്‍ ഇത് അറിഞ്ഞിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പോസ്റ്റിനു താഴെ, ഇവര്‍ തീവ്രവാദികളാണെന്നും എന്‍ഐയെ ടാഗ് ചെയ്യൂ എന്നുമൊക്കെ കമന്റ് നിറഞ്ഞു.
തുടര്‍ന്ന് ഇത് തമിഴ്‌നാട് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ചു. ഷിഹാബിനെയും സംഘത്തെയും സ്‌പെഷ്യല്‍ ബ്രാഞ്ച് വിളിച്ച് കാര്യം അന്വേഷിച്ചു. അപ്പോഴാണ് അവര്‍ ഇക്കാര്യം അറിയുന്നത്. ഈറോഡില്‍ ഒരു വിവാഹ വര്‍ക്കിനു പോയതാണ് ഇവര്‍. വിവാഹച്ചടങ്ങ് കഴിഞ്ഞ് കോയമ്പത്തൂരിലെ മരുതമലൈയില്‍ ഇവര്‍ ഔട്ട്‌ഡോര്‍ ഷൂട്ടിംഗിനു പോയി. അമ്പലത്തിനടുത്ത് വെള്ളം കുടിക്കാന്‍ ഇറങ്ങിയതാണ്. ഇതിനിടെ ആരോ ഇവരുടെ ചിത്രമെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. പോസ്റ്റില്‍ ഉണ്ടായിരുന്ന വണ്ടിയുടെ നമ്പര്‍ ട്രാക്ക് ചെയ്താണ് തമിഴ്‌നാട് പോലീസ് ഇവരെ ബന്ധപ്പെട്ടത്. പിന്നീട് ഇവരെ വിവാഹ വര്‍ക്ക് ഏല്പിച്ചവര്‍ പോസ്റ്റിട്ട ആളുമായി ബന്ധപ്പെട്ട് ഈ വ്യാജ പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിച്ചു. സംഭവത്തില്‍ സൈബര്‍ സെല്ലിനു പരാതി നല്‍കുമെന്ന് ഷിഹാബ് പറഞ്ഞു.