കോട്ടയം:കിടങ്ങൂരിൽ മുക്കുപണ്ടം പണയം വെച്ച് പണയം പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുവല്ലം ഭാഗത്ത് വൈകുണ്ഠം വീട്ടിൽ കൃഷ്ണകുമാർ (65) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിനൊന്നാം തീയതി കിടങ്ങൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് എൺപതിനായിരം രൂപ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതിനെത്തുടർന്ന് പണയ ഉരുപ്പടി പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മുക്കുപണ്ടം പണയം വച്ചത് ഇയാളാണെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ തിരുവല്ലത്ത് നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു കെ.ആർ, എസ്.ഐ കുര്യൻ മാത്യു, ബിജു ചെറിയാൻ, എ.എസ്.ഐ മഹേഷ് കൃഷ്ണൻ, സി.പി.ഓ ഗ്രിഗോറിയസ് ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇയാൾക്ക് നെടുമങ്ങാട്, തിരൂർ,പത്തനംതിട്ട കായംകുളം, ആറന്മുള, കൊട്ടാരക്കര,പൂയപ്പള്ളി, പള്ളിക്കൽ, കൂടൽ, ചിങ്ങവനം, ഏനാത്ത്, വെള്ളറട, വള്ളികുന്നം, മാന്നാർ, ആറന്മുള, ചാത്തന്നൂർ, കോന്നി,മണ്ണന്തല എന്നീ സ്റ്റേഷനുകളിലായി സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.