പൊന്നാനി: കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി നല്‍കിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ ഒന്നാം പ്രതി പിടിയില്‍. എടപ്പാള്‍ അയിലക്കാട് സ്വദേശി നരിയന്‍ വളപ്പില്‍ കിരണ്‍ (18) ആണ് അറസ്റ്റിലായത്.
മോചനദ്രവ്യം ആവശ്യപ്പെട്ട് മേയ് ഒന്‍പതിനാണ് പൊന്നാനി ഉറൂബ് നഗര്‍ സ്വദേശിയായ അമല്‍ ബഷീറിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.
കിരണും സംഘവും കഞ്ചാവ് വാങ്ങാനായി അമല്‍ ബഷീറിന് 45,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി നല്‍കുകയായിരുന്നു. ഇതിന് പ്രതികാരമെന്നോണം കിരണ്‍ ഇയാളെ അയിലക്കാട്ടെ സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്ന് വിളിച്ചിറക്കൊണ്ടുപോയി. തുടര്‍ന്ന് ചിറക്കലില്‍വെച്ച് കാറിലെത്തിയസംഘം അമല്‍ ബഷീറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു.
ഒരു കിലോ മീറ്റര്‍ ദൂരെയുള്ള കാഞ്ഞിരത്താണി വട്ടക്കുന്നില്‍ ആളൊഴിഞ്ഞ പ്രദേശത്തെത്തി മര്‍ദിക്കുകയും കത്തികൊണ്ട് ദേഹമാസകലം മുറിവേല്‍പ്പിക്കുകയും ഇയാളുടെ പേഴ്സിലുണ്ടായിരുന്ന 6000 രൂപ കൈക്കലാക്കുകയും ചെയ്തു.
പിന്നീട് വീട്ടില്‍വിളിച്ച് മോചനദ്രവ്യമായി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടത്.തുടര്‍ന്ന് വീട്ടുകാര്‍ പൊന്നാനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.