പുരുഷന്മാരെ ഇങ്ങനെ പീഡിപ്പിക്കരുത്; വ്യാജ പരാതിയുമായി എത്തിയ യുവതിക്ക് എട്ടിന്റെ പണി കൊടുത്ത് വനിതാ കമ്മീഷന്‍
കൊച്ചി: സുഹൃത്തിനെതിരെ വ്യാജ ബലാത്സംഗ ആരോപണവുമായെത്തിയ യുവതിയെ ശാസിച്ച് വനിതാ കമ്മീഷന്‍. യുവാവിനോട് പണം ചോദിച്ചിട്ട് നല്‍കാത്തതിനായിരുന്നു യുവതി പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്. യുവതിയും യുവാവും അടുപ്പത്തിലായിരുന്നു. യുവതി ഇടയ്ക്കിടയ്ക്ക് പണം ചോദിക്കുമെങ്കിലും അത് നല്‍കാന്‍ യുവാവ് തയ്യാറായിരുന്നില്ല. ഇതില്‍ പ്രകോപിതയായ യുവതി വ്യാഴാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ യുവാവ് ബലാത്സംഗം ചെയ്തെന്ന പരാതിയുമായി രംഗത്തെത്തുകയായിരുന്നു. പുരുഷന്മാര്‍ക്കെതിരെ വ്യാജ പരാതി നല്‍കി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. തുടര്‍ന്ന് യുവതിയെ ശാസിച്ച ശേഷം വിട്ടയച്ചു.
ആകെ 105 പരാതികളാണ് അദാലത്തിലെത്തിയത്. ഇതില്‍ 18 എണ്ണം തീര്‍പ്പാക്കി. ഒമ്പത് എണ്ണം റിപ്പോര്‍ട്ടിനായി മാറ്റി. 78 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍, അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, അഭിഭാഷകരായ സ്മിത ഗോപി, അലിയാര്‍, യമുന, ഖദീജ, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രീതി, ഷിജി തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.