25.2 C
Kottayam
Sunday, May 19, 2024

ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണത്തില്‍; നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എന്‍.ഐ.എ

Must read

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണത്തില്‍. എന്‍.ഐ.എയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസല്‍ ഫരീദ് ഒളിവില്‍ പോകില്ല. ദുബായിലുള്ള ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എന്‍.ഐ.എ അറിയിച്ചു. യു.എ.ഇ ഏജന്‍സികളുടെ പിന്തുണയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടു. സ്വര്‍ണക്കടത്തിന് ഗള്‍ഫ് താവളമാക്കിയിട്ടുള്ള കൂടുതല്‍ പേരെ കണ്ടെത്തുമെന്നും ഇവരെ നാട്ടില്‍ എത്തിക്കുമെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷിക്കുന്ന പ്രതി താനല്ലെന്ന് വെളിപ്പെടുത്തി ഫൈസല്‍ ഫരീദ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇത് എന്‍ഐഎ തിരുത്തി. തങ്ങള്‍ തേടുന്ന പ്രതി മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോയിലെ ആള്‍ തന്നെയാണെന്ന് എന്‍ഐഎ വിശദീകരിച്ചു. ഫൈസല്‍ ഫരീദിനെ പ്രതിയാക്കി എന്‍ഐഎ, എഫ്ഐആര്‍ സമര്‍പ്പിക്കുകയും ചെയ്തു.

അതേസമയം കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. ബാഗില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. കൊച്ചി എന്‍ഐഎ കോടതിയിലാകും പരിശോധന നടക്കുക. സന്ദീപ് നായര്‍ സ്വര്‍ണം അയച്ച ആളുകളുടെ പേര് വിവരങ്ങള്‍, നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയപ്പോള്‍ ഇടപെട്ടവരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഈ ബാഗിലുണ്ടെന്നാണ് സൂചന. ബാഗിലെ വിവരങ്ങള്‍ കേസില്‍ വഴിത്തിരിവായേക്കും.

അതേസമയം, കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുന്ന സരിത്തിന്റെ കസ്റ്റഡി കാലാവധി കസ്റ്റംസ് നീട്ടി ചോദിച്ചേക്കില്ല. തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week