ബെഡ്‌റൂമില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് നസ്രിയ തീര്‍ത്ത് പറഞ്ഞു! തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണനും ഹഫദ് ഫാസിലും ഒന്നിക്കുന്ന സീ യു സൂണ്‍ എന്ന ചിത്രം ഓണനാളില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫഹദും നസ്രിയയും ചേര്‍ന്നാണ്. ലോക്ക്ഡൗണ്‍ കാലത്ത് പൂര്‍ണമായും ഒരു ബില്‍ഡിങ്ങില്‍ തന്നെ ഷൂട്ട് ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ അനുഭവത്തെ കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ തുറന്ന് പറഞ്ഞത്.
‘എന്റെ ബില്‍ഡിങ്ങിന്റെ ഒരു ബ്ലോക്ക് അപ്പുറത്താണ് മഹേഷ് താമസിക്കുന്നത്. ഈ കാലത്തെ സിനിമയിലെ പുതിയ സാധ്യതകളെക്കുറിച്ച് ഞാന്‍ സംസാരിച്ചുതുടങ്ങി. നമ്മുടെ ചുറ്റുപാടുമുള്ള പരിസരത്തു തന്നെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമ ചിത്രീകരിക്കാനും ഒരു എഡിറ്റിങ് ടേബിളില്‍ അത് പൂര്‍ത്തീകരിക്കാനും സാധിക്കും. അങ്ങനെ മഹേഷിന്റെ ആശയവുമായി ഞങ്ങള്‍ സഹകരിച്ചു.
ലോക്ക്ഡൗണ്‍ ഇല്ലാത്തപ്പോള്‍ ഞാന്‍ ഈ സിനിമ ഷൂട്ട് ചെയ്യുകയാണെങ്കില്‍, ഇതേ രീതിയില്‍ തന്നെ ചെയ്യുമായിരുന്നു. പക്ഷെ ഈ സിനിമയുണ്ടാകാന്‍ കാരണം ലോക്ക്ഡൗണ്‍ ആണ്. അല്ലാത്തപക്ഷം, നമ്മളാരും ഇത്രയും കാലം വീട്ടില്‍ താമസിക്കുമായിരുന്നില്ല. ഞങ്ങള്‍ക്ക് ശരിയായ സ്‌ക്രിപ്റ്റ് തന്നു, മൂന്ന് ദിവസത്തെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു, ഒരേ ബില്‍ഡിങ്ങില്‍ താമസിച്ചു, വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടി. ഒരു ജോലിചെയ്യുന്നുവെന്ന് തോന്നിപ്പിക്കാതെ അത് ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.’
‘ഞാന്‍ ചെയ്യുന്ന കാര്യങ്ങളുടെ പിന്നിലെ ശക്തി അവളാണ്. വീട്ടില്‍ നിന്നുള്ള പിന്തുണയില്ലെങ്കില്‍, എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. പുറത്തുപോയി ഓരോന്നും ചെയ്യാനുള്ള പ്രേരണ അവള്‍ എനിക്ക് നല്‍കി. മറ്റേയാള്‍ എന്താണ് ചെയ്യുന്നതെന്ന് നിരന്തരം പരിശോധിക്കുന്നില്ല, എന്നാല്‍ ഞങ്ങള്‍ ഒരുമിച്ചാണ്. എന്നെക്കാള്‍ കൂടുതല്‍ മഹേഷുമായി സംവദിക്കുന്നത് അവളാണ്. ഞങ്ങള്‍ കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുമ്പുഴും അവളായിരുന്നു ടീമിനോട് കൂടുതല്‍ സംസാരിച്ചിരുന്നത്. പക്ഷെ ഞങ്ങളുടെ കിടപ്പുമുറിയില്‍ സിനിമ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. അതുമാത്രമേ അവള്‍ പറഞ്ഞിട്ടുള്ളൂ. കിടപ്പുമുറി ഒഴികെയുള്ള എന്റെ കെട്ടിടത്തിന്റെ എല്ലാ കോണിലും ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്’.
കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് ‘സീയു സൂണ്‍’. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണ് ഇതെന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.