വാഷിങ്ടൻ: ട്വിറ്ററിനു പിന്നാലെ ഫെയ്സിബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ. പതിനൊന്നായിരത്തിലധികം പേരെ കമ്പനിയിൽനിന്ന് പിരിച്ചുവിട്ടു. 13% തസ്തികകൾ വെട്ടിക്കുറച്ചതായാണ് മെറ്റ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ചില നടപടികളിലേക്കു നീങ്ങുന്ന എന്നു പറഞ്ഞുകൊണ്ടാണ് സിഇഒ മാർക്ക് സക്കർബർഗ് ഇക്കാര്യം അറിയിച്ചത്. വരുമാനത്തിൽ വൻ ഇടിവുണ്ടായതോടെ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായാണു പിരിച്ചുവിടലെന്നാണു വിവരം.
‘‘ഈ തീരുമാനങ്ങൾക്കും ഞങ്ങൾ എങ്ങനെ ഇവിടെ എത്തി എന്നതിനും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇത് എല്ലാവർക്കും പ്രയാസകരമാണെന്ന് അറിയാം, അതുകൊണ്ടുതന്നെ ബാധിക്കപ്പെട്ടവരോട് ഞാൻ ക്ഷമ ചോദിക്കുന്നു.’– സക്കർബർഗ് പ്രസ്താവനയിൽ അറിയിച്ചു. പുതിയ നിയമനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനംചെയ്ത ഓരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കുമെന്നും മെറ്റ പ്രസ്താവനയിൽ അറിയിച്ചു.
ഈ വർഷം ഇതിനകം സ്റ്റോക്ക് മാർക്കറ്റ് മൂല്യത്തിൽ 71% നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ടോക്കിൽനിന്നുള്ള മത്സരം കടുത്തതുമാണു മെറ്റയ്ക്കു തിരിച്ചടിയായത്. കമ്പനി നടത്തുന്ന നിക്ഷേപങ്ങളുടെയും നിയമനങ്ങളുടെയും വേഗം കുറയ്ക്കുകയാണെന്നു മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്ന ഷെറിൽ സാൻഡ്ബെർഗ് മെറ്റയിൽനിന്നു രാജിവച്ചതും കമ്പനിയെ പുറകോട്ട് അടിച്ചിരുന്നു. മെറ്റയുടെ അതിവിപുലമായ പരസ്യ ബിസിനസിന്റെ ബുദ്ധികേന്ദ്രമായിരുന്നു അവർ. കമ്പനി നേതൃത്വത്തെക്കുറിച്ചു നിക്ഷേപകർ സംശയാലുക്കളായത് ഓഹരി വിപണിയിൽ വലിയ പ്രതിഫലനമുണ്ടാക്കുകയും ചെയ്തു.
2004 ഫെയ്സ്ബുക് തുടങ്ങിയതിനുശേഷം വരുന്ന ഏറ്റവും വലിയ ചെലവു ചുരുക്കൽ നടപടിയാണിത്. ഇലോൺ മസ്ക് ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററും പകുതിയോളം ജീവനക്കാരെ ഒഴിവാക്കിയിരുന്നു.