ഇടുക്കി:അനുമതിയില്ലാതെ വിനോദയാത്ര നടത്തിയ ടൂറിസ്റ്റ് ബസിനെതിരേ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കുട്ടിക്കാനം മരിയന്‍ കോളേജില്‍നിന്ന് വിനോദയാത്ര പോയ ‘അല്‍ഫോണ്‍സ’ (കെ.എല്‍. 74 എ. 3114) ബസിനെതിരെയാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞദിവസം വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഒ. ബസ് പരിശോധിച്ചപ്പോള്‍ സ്പീഡ് ഗവേര്‍ണര്‍ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ ബസില്‍ യാത്ര അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ നിര്‍ദേശം അവഗണിച്ചും വിനോദയാത്ര പോയതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.
വിനോദയാത്രയ്ക്ക് മുമ്പ് കോളേജ് അധികൃതര്‍ മോട്ടോര്‍ വാഹനവകുപ്പിനെ വിവരമറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഒ. ശനിയാഴ്ച ബസില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ബസിലെ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും കൃത്യമായിരുന്നു. എന്നാല്‍ സ്പീഡ് ഗവേര്‍ണറിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് ബസിന് അനുമതി നല്‍കാതിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം അവഗണിച്ചും ഞായറാഴ്ച വിദ്യാര്‍ഥികളുമായി ഇതേ ബസില്‍ യാത്ര നടത്തുകയായിരുന്നു.
അനുമതിയില്ലാതെ ബസ് വിനോദയാത്രയ്ക്ക് പുറപ്പെട്ട വിവരമറിഞ്ഞതോടെയാണ് വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഒ. വീണ്ടും പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. എറണാകുളത്തെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച വിവരം കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച എറണാകുളത്ത് വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പരിശോധിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.
ഞായറാഴ്ച നടന്ന പരിശോധനയില്‍ ബസിലെ സ്പീഡ് ഗവേര്‍ണര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. സ്പീഡ് ഗവേര്‍ണര്‍ ശനിയാഴ്ച രാത്രി തന്നെ പ്രവര്‍ത്തനക്ഷമമാക്കിയെന്നായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാല്‍ ശബ്ദസംവിധാനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതായും കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അനുമതിയില്ലാതെ യാത്ര നടത്തിയതിനും കൂടുതല്‍ ശബ്ദസംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതിനുമാണ് ബസിനെതിരേ നിലവില്‍ കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.