കൊച്ചി:മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് നിഖില വിമൽ. വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ തന്റേതായൊരിടം സ്വന്തമാക്കിയ നിഖില, നടത്താറുള്ള പല പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്. ചിലപ്പോൾ ഇതിന്റെ പേരിൽ വിമർശനങ്ങളും നേരിട്ടിട്ടുണ്ട് താരം. എന്നാലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സധൈര്യം തന്നെ നടി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സ്ത്രീധനത്തെ കുറിച്ചും ഇതിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളെ കുറിച്ചും സംസാരിക്കുകയാണ് നിഖില.
നമ്മുടെ നാട്ടിൽ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം. ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല ഇത്. വ്യക്തികളുടെ പ്രശ്നമാണെന്ന് നിഖില പറയുന്നു. എല്ലാവർക്കും വിവാഹം കഴിപ്പിച്ച് വിടാൻ ആവേശമാണെന്നും ശേഷം എന്തെങ്കിലും പ്രശ്നം വന്നാൽ ഇവരാരും ഉണ്ടാകില്ലെന്നും നിഖില പറയുന്നു. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു നടിയുടെ പ്രതികരണം.
“ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആൾക്കാർക്ക് ഇല്ലാത്തത് മെന്റൽ സ്ട്രെങ്ത് ആണ്. എല്ലാവരും വീക്കാണ്. എല്ലാവർക്കും ഡിപ്രഷനും ആൻസൈറ്റിയും ഉണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച് കേൾക്കുന്ന വാക്കുകളാണ് ഇതൊക്കെ. സംഗതി എന്താണെന്ന് അറിയാത്തത് കൊണ്ടോ മറ്റോ മുൻപ് ആളുകൾ ഇവയൊന്നും തുറന്നു പറഞ്ഞിരുന്നില്ല. പക്ഷേ എന്നാലും അവരത് ഡീൽ ചെയ്തിരുന്നു. ഇന്നതല്ല അവസ്ഥ. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ വളരെ ക്ലോസ് ആയിട്ടുള്ള ആളോട് കാര്യം പറയും.
ഞാൻ പറയുന്ന കാര്യം അവർ വേറൊരു തരത്തിലാണ് എടുക്കുന്നതെങ്കിൽ അതിൽ നിന്നും ഒരിക്കലും നമുക്ക് തിരിച്ചുവരാൻ സാധിക്കില്ല. ഇതൊന്നും ഒരു വിഷയമില്ല എന്ന് ആയാൾ പറയുകയാണെങ്കിൽ നമുക്കൊരു മെന്റർ സ്ട്രെങ്ത് വരും. ഇത്രയും സോഷ്യല്‍ മീഡിയ ആക്ടീവായ, സാങ്കേതിക രംഗം വളര്‍ന്ന സാഹചര്യത്തിലും എന്തുകൊണ്ട് ആളുകള്‍ അങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയില്ല. ഒരുപക്ഷെ കുടുംബത്തിലെ സാഹചര്യമാകും”, എന്നാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളെ കുറിച്ച് നിഖില പറയുന്നത്.
“നമ്മുടെ നാട്ടിൽ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം. ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല ഇത്. വ്യക്തികളുടെ പ്രശ്നമാണ്. നമ്മുടെ ലൈഫിൽ എന്താ വേണ്ടതെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. സ്ത്രീധനം കൊടുക്കണോ വേണ്ടയോ എന്നെല്ലാം അവനവൻ തന്നെയാണ് തീരുമാനിക്കേണ്ടത്.
അച്ഛനും അമ്മയും അല്ല. വിവാഹം കഴിക്കുന്നവരാണ് തീരുമാനിക്കേണ്ടത്. കല്യാണം കഴിപ്പിച്ച് വിടാൻ കാണിക്കുന്ന ആവേശമൊന്നും ഒരു പ്രശ്നം ഉണ്ടായാൽ ഇവരാരും കാണില്ല. എല്ലാവരും ഇത് നിങ്ങളുടെ കുടുംബമല്ലേ എന്നാണ് പറയാറ്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ എല്ലായിടത്തും അങ്ങനെ തന്നെയാണ്”, എന്നും നിഖില പറയുന്നു.