മയക്കുമരുന്ന് കേസ് അട്ടിമറി, കൊച്ചിയിലെ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ, നാല് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് കേസ് അട്ടിമറിച്ച സംഭവത്തിൽ കൊച്ചിയിലെ എക്സൈസ് ഇൻസ്പെക്ടർ ശങ്കറിന് സസ്പെൻഷൻ. എക്സൈസ് സിഐ ബിനോജിനെ അടിയന്തര നടപടിയിലൂടെ കാസര്‍കോടേക്ക് സ്ഥലംമാറ്റി. ഒരു പ്രിവന്റീവ് ഓഫീസറേയും ,രണ്ട് സിവിൽ എക്സൈസ് ഓഫീസർമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്ന് എക്സൈസ് കമീഷണർ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. കൊച്ചി ലഹരി മരുന്ന് കേസിലെ രണ്ടു പ്രതികളെ വിട്ടയക്കാൻ മഹസറിൽ എക്സൈസ് ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് എക്സൈസ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ അടിമുടി അട്ടിമറി നടന്നതായി നേരത്തെ വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത ശേഷം എക്സൈസ് അറസ്റ്റ് ചെയ്യാതെ ചെയ്യാതെ വിട്ടയച്ച യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് അട്ടിമറി നീക്കം വ്യക്തമായത്. കാക്കനാട്ടെ സ്വകാര്യ ഹോട്ടലിൽ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും, എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിപ്പോഴാണ് രണ്ട് യുവതികൾ മുറയിൽ നിന്ന് കവറുമായി പുറത്തേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നത്.
റെയ്ഡിനെത്തിയ സംഘത്തിന് ഹോട്ടൽ റൂമിൽ നിന്നും ലഭിച്ചത് ആകെ 84 ഗ്രാം എംഡിഎംഎ മാത്രമാണ്. പ്രതികൾ ഒളിപ്പിച്ച 1 കിലോ എംഡിഎംഎയ്ക്ക് പ്രതിയുമില്ല, സാക്ഷിയുമില്ല. ഈ ദൃശ്യങ്ങൾ കൈവശമുള്ളപ്പോഴാണ് എക്സൈസ് സ്പഷ്യൽ സ്ക്വാഡ് ആരോ വഴിപോക്കൻ പറഞ്ഞത് പ്രകാരം നടത്തിയ റെയ്ഡിൽ കാർ പോർച്ചിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.
സംയുക്ത റെയ്ഡിനിടെ പ്രതികളിൽ ഒരാളായ ഷ്ബനയുടെ ബാഗിൽ നിന്ന് മാൻ കൊമ്പ് കണ്ടെത്തിയിരുന്നു. കസ്റ്റംസ് സംഘം ഇത് എക്സൈസ്സ് ജില്ലാ ടീമിന് മയക്കുമരുന്നിനൊപ്പം കൈമാറി. എന്നാൽ പിന്നീട് മഹസറിലോ എഫ്ഐആറിലോ ഇതേക്കുറിച്ച് പരാമര്‍ശിച്ചില്ല.
റെയ്ഡ് പൂര്‍ത്തിയാക്കിയ ശേഷം കസ്റ്റംസ് എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രതികൾക്കൊപ്പം എടുത്ത ഫോട്ടോയിൽ രണ്ട് യുവതികളടക്കം ഏഴ് പേരുണ്ടായിരുന്നു. വാര്‍ത്താക്കുറിപ്പിലും അങ്ങനെയാണ് പറഞ്ഞത്. എന്നാൽ കോടതിയിൽ എക്സൈസ് ഹാജരാക്കിയത് അഞ്ച് പേരെ മാത്രം. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത 9 മൊബൈല്‍ ഫോണില്‍ 5 എണ്ണം കാണാനില്ലായിരുന്നു. റെയ്ഡിൽ പിടിച്ചെടുത്ത 15000 രൂപയിൽ 5000 മാത്രമാണ് മഹസറില്‍ രേഖപ്പെടുത്തിയത്.
ഹോട്ടലിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡ് പൂർത്തിയായ ശേഷമാണ് വിട്ടയച്ച യുവതിയും മറ്റൊരു യുവാവും സ്ഥലത്തെത്തിയതെന്നും തെളിവ് ഇല്ലാത്തതിനാൽ വിട്ടയച്ചെന്നുമാണ് മഹസർ രേഖ. ഏഴ് പ്രതികളും ഒരുമിച്ചെത്തിയതിന് സിസിടിവി ദൃശ്യങ്ങളും ഹോട്ടലിലെ രേഖകളും ഉള്ളപ്പോഴാണ് ഈ അട്ടിമറി
നായകളെ മറയാക്കിയാണ് സംഘം ലഹരിമരുന്ന് കടത്തുന്നതെന്ന് വ്യക്തമായിട്ടും ചട്ടം പാലിക്കാതെ ഇവയെ പ്രതികളുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇത്തരം കേസുകളിൽ നായ്ക്കളെ മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയാണ് ചെയ്യേണ്ടത്. മയക്കുമരുന്ന് കേസിലെ പ്രതികളിൽ നിന്ന് പിടികൂടിയ മാൻ കൊമ്പ് അപ്രക്ഷമായെന്ന് വാർത്തകൾ പുറത്ത് വന്നതിന് പിറകെ വനം വകുപ്പ് സംഘം എക്സൈസ് ഓഫീസിൽ എത്തുകയും മിനുട്ടുകൾക്കുള്ളിൽ മഹസറിലും എഫ്ഐആറിലും ഇല്ലാത്ത മാൻ കൊമ്പ് കണ്ടെടുക്കുകയും ചെയ്തു.
മയക്കുമരുന്ന് കേസിൽ മാൻ കൊന്പ് ചേർക്കുന്നതിലെ ആശക്കുഴപ്പം കാരണമാണ് രേഖകളിൽ ഇവ ഉൾപ്പെടുത്താതിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞതായി വനം വകുപ്പ് വ്യക്തമാക്കി. മാൻ കൊന്പ് പിടികൂടിയതിൽ പ്രതികൾക്കെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്ത് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ അറയിച്ചു.