പണത്തിനും പ്രശസ്‍തിക്കും വേണ്ടിയുള്ള വ്യാജ ആരോപണം’; നടി അനിഖ വിക്രമനെതിരെ മുന്‍ കാമുകന്‍ അനൂപ് പിള്ള
ബെംഗളൂരു: മുൻ കാമുകൻ ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി രംഗത്തെിയ നടി അനിഖ വിക്രമന്റെ പരാതിയിൽ വിശദീകരണവുമായി കുറ്റാരോപിതനായ അനൂപ് പിള്ള. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് അനിഖയുമായുള്ള ബന്ധത്തെക്കുറിച്ചും നടിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയും അനൂപ് വിശദീകരിച്ചത്. ഇരുവരും തമ്മിലുള്ള വാട്സാപ് ചാറ്റിന്റെയും സാമ്പത്തിക ഇടപാടുകളുടെയും സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. യുഎസിൽ താമസിക്കുന്ന മലയാളിയായ അനുപ് പിള്ളയ്ക്കെതിരെ ഈ മാസം ആദ്യമാണ് അനിഖ ആരോപണവുമായെത്തിയത്. മർദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ച പാടുകളുടെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഈ വിശദീകരണമെന്ന് അനൂപ് പിള്ള കുറിപ്പിൽ പറയുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ താൻ 2016ലാണ് അനിഖയെ പരിചയപ്പെടുന്നതെന്നും രണ്ടു വർഷത്തോളം തങ്ങൾ ഡേറ്റിങ്ങിലായിരുന്നെന്നും അനൂപ് കുറിച്ചു. ഇന്ത്യയിൽ വരുമ്പോഴെല്ലാം അനിഖയോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ ഈ സമയത്തെല്ലാം അനിഖയ്ക്ക് ഒരു ഛായാഗ്രാഹകനുമായും മറ്റു ബന്ധങ്ങളും ഉണ്ടായിരുന്നതായി അനൂപ് ആരോപിക്കുന്നു.
സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍ താൻ അനിഖയ്‌ക്കായി കന എന്ന പേരുള്ള ഒരു ആല്‍ബം നിർമിച്ച് നല്‍കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് അവള്‍ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല. തിരക്കുകള്‍ക്കിടയിലും അനിഖയെ യാത്രകൾ കൊണ്ടുപോയി. പണത്തിനും അവളുടെ നിലനില്‍പ്പിനും വേണ്ടിയാണ് തന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ പിന്‍മാറി. ബെംഗളൂരിലും ചെന്നൈയിലുമായുള്ള താമസത്തിനിടെ, ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാന്‍ ഇല്ലാത്തതിനാലും തന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയതായി അനൂപ് ആരോപിക്കുന്നു. ഇടപാടുകൾ സംബന്ധിച്ച ചില സ്ക്രീൻഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്.
‘‘ജനുവരി 28ന് മദ്യലഹരിയിലായിരുന്ന അവള്‍ എന്നോട് വഴക്കിട്ടു. ഞാന്‍ ഫ്രീയാണ്, ഈ ഞായറാഴ്ച ഹൈദരാബാദിലേക്ക് മാറാന്‍ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ രോഷാകുലയായി. എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. അവള്‍ ഉടന്‍ തന്നെ ശക്തമായി സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കി. എന്റെ ചെവിയില്‍ ബീയര്‍ ഒഴിക്കുകയും ശാരീരികമായും എന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാന്‍ ഫ്ലാറ്റിൽനിന്നു രക്ഷപ്പെടുകയായിരുന്നു.’’ – അനൂപ് പോസ്റ്റിൽ പറയുന്നു.
അനൂപ് പിള്ളയുടെ പോസ്റ്റിന്റെ പൂർണരൂപം:
സുഹൃത്തേ,
മലയാള സിനിമാ നടി അനിഖ വിക്രമനെ (രൂപശ്രീ നായര്‍ എന്നാണ് ഔദ്യോഗിക പേര്) ശാരീരികമായി ഉപദ്രവിച്ചുവെന്ന വാര്‍ത്തയിലെ കുറ്റാരോപിതനായ അനൂപ് പിള്ള ഞാനാണ്. എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ധാരാളം വ്യാജ ആരോപണങ്ങള്‍ നിരത്തിയാണ് ഞാന്‍ ശാരീരികമായി അവരെ ഉപദ്രവിച്ചുവെന്ന് പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ ആരോപണങ്ങള്‍ എനിക്കെതിരെ പ്രചരിക്കുന്നതിനാല്‍ ഇതിലൊരു വ്യക്തമായ വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനിഖയും ഞാനും 2016 ലാണ് കണ്ടുമുട്ടുന്നത്. അന്ന് ഞങ്ങള്‍ വെറും സുഹൃത്തുക്കളായിരുന്നു. താമസിയാതെ അനിഖ എന്റെ കാമുകിയായി. എനിക്ക് 45 വയസ്സുണ്ട്. വിവാഹിതനാണ്, ഒരു കുട്ടിയുണ്ട്. ഒരുപാട് യാത്ര ചെയ്യുന്ന ഒരു ബിസിനസുകാരനാണ് ഞാന്‍. മിക്ക സമയത്തും ഞാന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അനിഖയെ പലതവണ കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഏകദേശം രണ്ടു വര്‍ഷത്തോളം ഡേറ്റിങ് നടത്തി. അതിനുശേഷം പലപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ അക്കാലങ്ങളിലെല്ലാം അവള്‍ക്ക് ഒന്നിലധികം ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി ഞാന്‍ മനസിലാക്കി. എന്റെ അറിവനുസരിച്ച്, അവളുടെ അവസാന കാമുകന്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഒരു ഛായാഗ്രാഹകനായിരുന്നു. എന്നാല്‍ ആ ബന്ധം ഏഴ് മാസം മുമ്പ് അവസാനിച്ചു.
ഞാന്‍ ഇന്ത്യയില്‍ ആയിരുന്നപ്പോഴെല്ലാം അവള്‍ എന്നോടൊപ്പം താമസിച്ചു, ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍, അവരുടെ ആവശ്യപ്രകാരം ഞാന്‍ അനിഖയ്‌ക്കായി കന എന്ന പേരുള്ള ഒരു ആല്‍ബം നിർമിച്ച് നല്‍കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് അവള്‍ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല. അന്നുമുതല്‍, ഛായാഗ്രാഹകനുമായുള്ള ഡേറ്റിങ് പുനഃരാരംഭിച്ചു. അവള്‍ക്കായി ഒരു സിനിമ നിർമിക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്തായിരുന്നു ഛായാഗ്രാഹകനായ വ്യക്തിയുമായുള്ള ഡേറ്റിങ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, അവന്റെ പക്കല്‍ പണമില്ലായിരുന്നു. അത് അവള്‍ പിന്നീട് മനസ്സിലാക്കുകയും തന്നോട് കള്ളം പറഞ്ഞതിന് അവനെ ഭീഷണിപ്പെടുത്തുകയും അവള്‍ എന്റെ സഹായം തേടുകയും ചെയ്തു. സ്വകാര്യ ഫോട്ടോകളും വിഡിയോകളും ഉള്ളതിനാല്‍ അനിഖ പിന്നീട് അവന്റെ ഫോണ്‍ തട്ടിയെടുത്തു. ഫോണ്‍ ബാക്കപ്പ് ഉണ്ടെങ്കില്‍ അവന്‍ തന്നെ ഭീഷണിപ്പെടുത്തിയേക്കുമെന്ന് അനിഖ ഭയപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം അവള്‍ മാനസികമായി അസ്വസ്ഥയായി. മനസ്സ് ശരിയാവാന്‍ യാത്ര ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടതനുസരിച്ച് എന്റെ തിരക്കുകള്‍ക്കിടയിലും ഞാന്‍ അവളെ ഫൂക്കറ്റിലേക്കും കശ്മീരിലേക്കും കൊണ്ടുപോയി. (ഫോട്ടോകള്‍ നിങ്ങള്‍ക്ക് അനിഖയുടെ ഇന്‍സ്റ്റാഗ്രാമില്‍ കാണാം.)
ഇതിനിടെ ഞങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാന്‍ അനിഖ ഒന്നിലധികം തവണ ശ്രമിച്ചിരുന്നു. പക്ഷേ പണത്തിനും അവളുടെ നിലനില്‍പ്പിനും വേണ്ടിയാണ് അനിഖ എന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പിന്‍മാറി. ബെംഗളൂരിലും ചെന്നൈയിലുമായുള്ള അനിഖയുടെ താമസത്തിനിടെ അവള്‍ക്ക് ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാന്‍ ഇല്ലാത്തതിനാലും എന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയിട്ടുണ്ട്. അവള്‍ എന്നെ വാക്കാലും ശാരീരികമായും ഒന്നിലധികം തവണ ദ്രോഹിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു അവള്‍ എന്നെ അടിച്ചതിനെത്തുടര്‍ന്ന് ചെവിയുടെ കര്‍ണപടലം പോലും പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ഞാന്‍ വിദേശത്തേക്ക് പോയി, അവളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. അവിടം വിടാന്‍ ഞാന്‍ അനിഖയോട് ആവശ്യപ്പെട്ടു.
പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് അനിഖ ആ ഫ്ലാറ്റ് ഒഴിയുന്നതിന് പകരം ചെന്നൈയിലെ അവളുടെ ഫ്ലാറ്റ് ഒഴിഞ്ഞ് ബെംഗളൂരുവിലെ എന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് അവളുടെ സാധനങ്ങള്‍ കൊണ്ടുവന്നു. മുമ്പ് അനിഖക്കയോട് ഞാന്‍ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവളുടെ കുടുംബം ബെംഗളൂരുവിലാണെങ്കിലും പോകാന്‍ സ്ഥലമില്ലെന്നുമായിരുന്നു അനിഖയുടെ മറുപടി. തുടര്‍ന്ന് ഡിസംബര്‍ 15ന് ഞാന്‍ ബെംഗളൂരുവില്‍ വരുമെന്നതിനാല്‍ ഡിസംബര്‍ 12നകം എന്റെ അപ്പാര്‍ട്ട്‌മെന്റ് ഒഴിയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് അവള്‍ ചെയ്തില്ല. പക്ഷേ അപ്പാര്‍ട്ട്‌മെന്റ് അടിച്ചു തകര്‍ക്കുമെന്ന് അനിക്ക എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസിനെ വിളിക്കുമെന്നും പറഞ്ഞു. 2022 ഡിസംബര്‍ 15ന് ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോഴും അവള്‍ എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയുണ്ടായിരുന്നു. അവള്‍ക്ക് പോകാന്‍ മനസ്സില്ലായിരുന്നെന്നായിരുന്നു മറുപടി.
അന്നുമുതല്‍, ഞാന്‍ അവളോട് പലതവണ അപ്പാര്‍ട്ട്‌മെന്റ് ഒഴിയാന്‍ ആവശ്യപ്പെട്ടു, പക്ഷേ അവള്‍ നിരസിക്കുകയും 2023 ജനുവരി 30 വരെ അവിടെ തന്നെ താമസിക്കുകയും ചെയ്തു. മാറാന്‍ പണമില്ലെന്ന് അനിഖ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് ഞാന്‍ അവളോടൊപ്പം ഹൈദരാബാദിലേക്ക് പോയി ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്താന്‍ സഹായിച്ചു. ഒരു അപ്പാര്‍ട്ട്മെന്റ് ലഭിച്ചതിന് ശേഷവും അവള്‍ താമസം മാറുന്നത് മനപ്പൂര്‍വം വൈകിപ്പിച്ചു. സംഭവം നടന്നെന്ന് പറയപ്പെടുന്ന ദിവസം, ജനുവരി 28ന് മദ്യലഹരിയിലായിരുന്ന അവള്‍ എന്നോട് വഴക്കിട്ടു. ഞാന്‍ ഫ്രീയാണ് ഈ ഞായറാഴ്ച ഹൈദരാബാദിലേക്ക് മാറാന്‍ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ രോഷാകുലയായി. എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. അവള്‍ ഉടന്‍ തന്നെ ശക്തമായി സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കി. എന്റെ ചെവിയില്‍ ബിയര്‍ ഒഴിക്കുകയും ശാരീരികമായും എന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാന്‍ ഫ്ലാറ്റിൽനിന്നു രക്ഷപ്പെടുകയായിരുന്നു. ജനുവരി പകുതിയോടെയും സമാനമായ ഒരു വഴക്ക് ഉണ്ടായിട്ടുണ്ട്. അന്നത്തെ സംഭവങ്ങള്‍ അന്ന് അവസാനിച്ചെങ്കിലും പിന്നീട് എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി.
ബെംഗളൂരുവിലെ അപ്പാര്‍ട്‌മെന്റ് വിട്ട് ഹൈദരാബാദിലേക്ക് പോകാന്‍ ഞാന്‍ അനിഖയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും പോയില്ല. അവള്‍ സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നത് വരെ ഹൈദരാബാദിലെ അവളുടെ ചെലവുകള്‍ ഞാന്‍ നോക്കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ അനിഖ എനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചു. അവള്‍ ആരോപിക്കുന്നത് പോലെ, ഞാന്‍ അവളെ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍, ആദ്യ വഴക്കിന് പിന്നാലെ ജനുവരി പകുതിക്ക് ശേഷം അനിഖ തിരികെ വന്ന് വീണ്ടും എന്നോടൊപ്പം താമസിച്ചത് എന്തുകൊണ്ടായിരിക്കും. എന്നെ ഭീഷണിപ്പെടുത്താനും പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാനും അവള്‍ വീണ്ടും ബോധപൂര്‍വ്വം വഴക്ക് ഉണ്ടാക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കേസിനാസ്പദമായ സംഭവം ഉണ്ടായതിന് ശേഷം ഞാന്‍ അനിഖയെ കണ്ടിട്ടില്ല.
പിന്നീട് അനിഖയെ ഉപ്രദവിച്ചുവെന്ന് കാണിച്ച് അവര്‍ ജനുവരി 29 ന് ബെംഗളൂരുവിൽ എനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. അതിനുശേഷം, അവളുടെ കോളുകള്‍ ഞാന്‍ അവഗണിച്ചിട്ടും 2023 ഫെബ്രുവരിയില്‍ എനിക്ക് അനിഖയില്‍ നിന്ന് ഒന്നിലധികം തവണ ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എനിക്കെതിരെ അനിഖ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് ഫെബ്രുവരി 20ന് എനിക്ക് ജാമ്യം ലഭിച്ചു. അനിഖയുമായുള്ള ലക്ഷങ്ങളുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് രേഖകളും ഹാജരാക്കിയതിനെത്തുടര്‍ന്നാണ് ബഹുമാനപ്പെട്ട കോടതി എനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്ക് പണം നല്‍കുന്നത് നിര്‍ത്തിയതിനാല്‍ തെറ്റായ പരാതി നല്‍കുകയായിരുന്നുവെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച ഘട്ടത്തില്‍ കോടതി പരാതിയെ നിരീക്ഷിച്ചതും ശ്രദ്ധേയമാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം എനിക്കെതിരെ നല്‍കിയ പരാതിയില്‍ ഞാന്‍ ഇതുവരെ സ്വീകരിച്ച മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് അത് അവസാനിപ്പിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതനായത്.
എന്ന്
അനൂപ് പിള്ള