മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന സംഭവത്തില്‍ കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ; കൈയ്യിലെ പൊള്ളല്‍ നിര്‍ണായകമാകും
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കുരുക്ക് മുറുകുന്നു. ശ്രീറാമിന്റെ കൈയ്യിലെ പൊള്ളല്‍ കേസില്‍ നിര്‍ണായകമാകും. സ്റ്റിയറിംഗ് വീലില്‍ പിടിച്ചിരിക്കുമ്പോള്‍ കാറിലെ എയര്‍ബാഗ് വേഗത്തില്‍ തുറന്നാല്‍ കയ്യില്‍ പൊള്ളലേല്‍ക്കും. ഇതാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അപകടമുണ്ടായപ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയാണെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തില്‍ അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ശ്രീറാമിന്റെ വാദം പച്ചക്കള്ളമാണെന്ന് വെളിപ്പെടുത്തി വഫ ഫിറോസ് രംഗത്ത് വന്നിരുന്നു. എയര്‍ബാഗ് തുറന്ന് അതിനുള്ളിലെ പൗഡര്‍ ശരീരവുമായി ഉരയുമ്പോള്‍ പൊള്ളലോ ചെറിയ പോറലോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാര്‍ നിര്‍മ്മാണ കമ്പനികളിലെ സാങ്കേതികവിദഗ്ധര്‍ വ്യക്തമാക്കി. എയര്‍ബാഗ് തുറന്നപ്പോഴാണ് കയ്യില്‍ പൊള്ളലേറ്റതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞാല്‍ അത് ശ്രീറാമിനെതിരെ നിര്‍ണ്ണായക തെളിവായി മാറും.
ശ്രീറാം തന്നെയാണ് കാറോടിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഒപ്പമുണ്ടായിരുന്ന വഫയ്ക്ക് പരുക്കേല്‍ക്കാത്തത് ഈ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ശ്രീറാമിന്റെ ഇടതുകയ്യിലെ മണിബന്ധത്തിന് പരുക്കേറ്റതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. രണ്ട് കയ്യിലും പരുക്കേറ്റതായാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തല്‍.