ജാന്‍ഗാവോന്‍: കള്ളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പ്രസ്താവന നടത്തി തെലുങ്കാന എക്സൈസ് മന്ത്രി വി ശ്രീനിവാസ് ഗൗഡ. ഇത്തവണ നിരന്തരം കള്ളു കുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ ഭേദമാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച ജംഗാവോണ്‍ ജില്ലയിലെ രഘുനാഥപ്പള്ളിയിലെ ഗണ്ഡലഗുഡം ഗ്രാമത്തില്‍ സ്വാതന്ത്ര്യസമര സേനാനി സര്‍വായ് പാപണ്ണയുടെ പ്രതിമാ അനാശ്ചാദന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.
സ്വാഭാവികമായി തെങ്ങില്‍ നിന്നു ചെത്തിയെടുക്കുന്ന കള്ളില്‍ ഔഷധഗുണങ്ങളുണ്ടോ എന്ന് പഠനം നടത്തേണ്ടതുണ്ടെന്നും പറഞ്ഞു. ”പതിവായി കള്ളു കുടിച്ചാല്‍ കാന്‍സര്‍ പോലും മാറും. ഒരു കാലത്ത് ദരിദ്രരുടെ മദ്യമായിരുന്ന കള്ളു കുടിക്കാന്‍ ഇപ്പോള്‍ മെഴ്സിഡസ് ബെന്‍സ് കാറില്‍ വരെയാണ് ആള്‍ക്കാര്‍ എത്തുന്നത്. തെങ്ങുചെത്ത് ഒരു പ്രൊഫഷനായി തെലുങ്കാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
കള്ളിനും അത് ഉല്‍പ്പാദിപ്പിക്കുന്ന ഒറ്റത്തടി വൃക്ഷത്തിനും വേണ്ടി ശ്രീനിവാസ് ഗൗഡ നില കൊള്ളുന്നത് ഇതാദ്യമല്ല. നേരത്തേ കൊവിഡിനെ തുടര്‍ന്ന് മദ്യഷാപ്പുകളും മറ്റും അടച്ചിടപ്പെട്ടപ്പോള്‍ പകരമായി എല്ലാ ജില്ലകളിലും കള്ളു വില്‍പ്പന പ്രോത്സാഹിപ്പിക്കണമെന്ന് ശ്രീനിവാസ് പറഞ്ഞിരുന്നു. ജൂണില്‍ നീര അവതരിപ്പിച്ചു കൊണ്ട് നീരയുടെ ഉപ ഉല്‍പ്പന്നങ്ങള്‍ തെലുങ്കാന ഉല്‍പ്പാദിപ്പിക്കണമെന്നും ഒറ്റത്തടി വൃക്ഷങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഗവേഷണ കേന്ദ്രം തുടങ്ങുമെന്നും പറഞ്ഞിരുന്നു.
നീര കിഡ്നി സ്റ്റോണ്‍, പ്രമേഹം എന്നിവയ്ക്ക് ഉത്തമമാണെന്നും മൂത്ര വിസര്‍ജ്ജനം ഊര്‍ജ്വസ്വലമാക്കി ശരീരത്തിന് ആരോഗ്യം നല്‍കുമെന്നും പറഞ്ഞു. രോഗപ്രതിരോധശേഷി കൂട്ടുമെന്നും മലബന്ധം അകറ്റാനും നല്ലതാണെന്നും പറഞ്ഞു. നീരയില്‍ നിന്നും പോട്ടാസ്യം, ഇരുമ്പ് തുടങ്ങിയവ ശരീരത്തിന് കിട്ടുമെന്നും ശ്വാസകോശ രോഗങ്ങള്‍ക്ക് ഉത്തമമാണെന്നും പറഞ്ഞു. നീര മൈഗ്രേന് മരുന്നാണെന്നും ശരീരത്തില്‍ ചൂട് കുറയ്ക്കുമെന്നും നീര കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ശ്രീനിവാസ് പറഞ്ഞു.