KeralaNews

വട്ടം കറക്കരുത്… വഴി തുറക്കണം; അപ്രോച്ച് റോഡിനായി ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍

.✍🏼അജാസ് വടക്കേടം…

ഏറ്റുമാനൂർ: റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത്‌ പദ്ധതിയുടെ വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ പ്ലാറ്റ് ഫോമിലേയ്ക്കുള്ള ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡിലേയ്ക്ക് ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. സ്റ്റേഷനെ അപേക്ഷിച്ച് അപ്രോച്ച് റോഡ് ഉയർന്ന പ്രതലമായതിനാൽ ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ സ്റ്റെപ് കയറേണ്ട ദുരിതം ഒഴിവാക്കാം. ഓവർബ്രിഡ്ജിന്റെ മദ്ധ്യഭാഗം ഓപ്പൺ ചെയ്താൽ മാത്രം റോഡിൽ നിന്ന് നേരിട്ട് പ്രവേശിക്കാവുന്നതാണ്. എന്നാൽ യാതൊരുവിധ മുതൽ മുടക്കും ഇല്ലാതെ എല്ലാവർക്കും ഏറെ പ്രയോജനകരമാകുന്ന ഈ കാര്യം നടപ്പിലാക്കാൻ ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ആവശ്യമാണ്.

ഏറ്റുമാനൂർ സ്റ്റേഷനിൽ നിലവിൽ പുരോഗമിക്കുന്ന അമൃത് ഭാരത്‌ പദ്ധതിയിൽ ലിഫ്റ്റ് / എസ്‌കേലേറ്റർ സംവിധാനം ഉൾപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ പ്രായമായവർക്കും അംഗപരിമിതർക്കും ഇത് ഏറെ ഗുണകരമാണ്. ട്രെയിൻ നിർത്തുന്നത് രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിൽ ആയതിനാൽ എല്ലാ യാത്രക്കാരും ഓവർ ബ്രിഡ്ജ് ഉപയോഗിക്കാൻ നിർബന്ധിതരാണ്. വായോധികർ സ്റ്റെപ് കയറാൻ വളരെ ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്.

പുതിയ പാർക്കിംഗ് ഏരിയയോട് ചേർന്നാണ് ഓവർബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. എന്നാൽ സ്റ്റേഷന്റെ പ്രധാന കവാടം കടന്ന് ചുറ്റിക്കറങ്ങിയാണ് ഇപ്പോൾ ഓവർബ്രിഡ്ജിന് സമീപമെത്തി യാത്രക്കാർ പ്ലാറ്റ് ഫോമിൽ പ്രവേശിക്കുന്നത്. പലർക്കും ട്രെയിൻ നഷ്ടമാകാനും ഇതൊരു കാരണമാണ്. ഇപ്പോൾ സ്റ്റെപ്പുകൾക്ക് സമീപമാണ് പണികൾ പുരോഗമിക്കുന്നത്. വെൽഡിങ്, കോൺക്രീറ്റ് ജോലികളും ഓരോ സ്ഥലത്ത് പുരോഗമിക്കുന്നുണ്ട്. ഈ അവസരത്തിൽ വളരെ നിസ്സാരമായി നടപ്പിലാക്കാൻ സാധിക്കുന്ന ചെറുതും വളരെ വലുതുമായ ഈ കാര്യം നമുക്ക് പിന്നീട് ഒരു കാലത്തും നേടിയെടുക്കുക അസാധ്യമാണ്. വളരെ പ്രതീക്ഷയോടെ ഈ വിഷയത്തിൽ ജനകീയ വികസന സമിതിയുടെയും വികസന തത്പരരായ നാട്ടുകാരുടെയും എല്ലാ സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെയും ശ്രദ്ധ ക്ഷണിക്കുകയാണ് ഏറ്റുമാനൂർ പാസഞ്ചേഴ്സ് അസോസിയേഷൻ.

ജനറൽ ടിക്കറ്റുകൾക്ക് പോലും UTS ആപ്പുകൾ ഉപയോഗിക്കാൻ റെയിൽവേ പ്രോത്സാഹിപ്പിക്കുന്ന കാലമാണ്. അതിന് മുന്നോടിയായി ടിക്കറ്റ് കൗണ്ടറുകൾ പ്രധാന സ്റ്റേഷനുകളിൽ പോലും വെട്ടികുറച്ചിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റുകളും റിസർവേഷൻ, സീസൺ ടിക്കറ്റുകളും ഉപയോഗിച്ച് മാത്രം യാത്ര ചെയ്യുന്നവരെ സ്റ്റേഷന് ചുറ്റും പ്രദക്ഷിണം വെയ്പ്പിക്കുന്ന തീരുമാനം റെയിൽവേ പുന പരിശോധിക്കണമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

സുരക്ഷയെ മുൻനിർത്തിയാണ് റെയിൽവേ യാത്രക്കാരുടെ ഈ ആവശ്യം നിരസിച്ചത്. എന്നാൽ പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ ഈ സൗകര്യം അനുവദിച്ചിട്ടുമുണ്ട്. എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ പോലും ഓവർബ്രിഡ്ജ് ഇരുവശത്തെയും റോഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടായാൽ അനായാസം നേടിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker