ഏറ്റുമാനൂർ: നീണ്ടൂർ കോട്ടമുറിയിലെ വീട്ടിൽ നിന്നും 14 പവൻ സ്വർണവും പതിനായിരം രൂപയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.നിരവധി മോഷണ കേസുകളിലെ പ്രതിയായ ആലപ്പുഴ പട്ടണക്കാട് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര കനരീപ്ര ഇടയ്ക്കിടം അഭിവിഹാറിൽ എസ്.അഭിരാജി (ഉണ്ണിക്കണ്ണൻ -26)നെയാണ് ഏറ്റുമാനൂർ സി.ഐ എസ്.മഞ്ജുലാൽ അറസ്റ്റ് ചെയ്തത്.
ജൂൺ 11 ന് നീണ്ടൂർ കോട്ടമുറി ഭാഗത്തെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ പ്രതി സ്വർണവും പണവും കവരുകയായിരുന്നു. പ്രതിയെപ്പറ്റി തുമ്പു ലഭിക്കാത്ത കേസിൽ സി.സി.ടി.വി ദൃശ്യങ്ങളാണ് നിർണ്ണായകമായത്.നിരവധി മോഷണക്കേസുകളിൽ പ്രതിയായിരുന്ന ഉണ്ണിക്കണ്ണൻ കോട്ടമുറിയിൽ മോഷണം നടത്തിയ ദിവസം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പോലീസ് കണ്ടെത്തി. ഇയാൾ തന്നെയാണ് കോട്ടമുറിയിലും മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. സംഭവ ദിവസം ഏറ്റുമാനൂർ പട്ടണത്തിലെ പ്രതിയുടെ സാന്നിധ്യവും മനസിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്.ഐ എം.പി ബേബി, ആന്റി ഗുണ്ടാ സ്ക്വാഡിലെ എസ്.ഐ ടി.എസ് റെനീഷ് സെല്ലിലെ മനോജ്, ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ എസ്.അജിത്, വി.എസ് ഷിബുക്കുട്ടൻ, ഐ.സജികുമാർ, സജമോൻ ഫിലിപ്പ്, പി.എൻ മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പുലർച്ചെയോടെ വീട്ടിൽ നിന്നും ഇറങ്ങിയിരുന്ന പ്രതി പകൽ സമയത്ത് മാത്രമാണ് മോഷണം നടത്തിയിരുന്നത്. വൈകിട്ട് ഏഴു മണിയോടെ മോഷണം അവസാനിപ്പിച്ച് ഇയാൾ തിരികെ വീട്ടിൽ എത്തുകയും ചെയ്യും. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷമായിരുന്നു കറക്കം .രാവിലെ പ്രവർത്തി സമയം എത്തുമ്പോൾ വീടുകളിൽ കളിൽ നിന്നും കുടുംബാംഗങ്ങർ പുറത്തു പോകുന്നുണ്ടോ എന്ന് ഇയാൾ നിരീക്ഷിക്കും. വീട്ടു മുറ്റത്തെ ചെരുപ്പ് ശ്രദ്ധിയ്ക്കും. തുടർന്ന് കോളിംങ് ബെൽ അടിച്ച് ആളില്ലെന്ന് ഉറപ്പാക്കും. ബെല്ലടിക്കുമ്പോൾ ആരെങ്കിലും പുറത്തെത്തിയാൽ വീടുകളുടെ വിലാസം ചോദിച്ച് രക്ഷപെടും. അളില്ലെങ്കിൽ വീടിന്റെ ജനൽ തുറന്ന് ലോക്ക് എവിടെയാണെന്ന് കണ്ടെത്തും. ജനലിലൂടെ വാതിലിന്റെ ലോക്ക് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മൊബൈൽ ഫോൺ ഉള്ളിലേയ്ക്ക് കയറ്റി ലോക്കിന്റെ ചിത്രം പകർത്തും. തുടർന്ന് കമ്പ് ഉപയോഗിച്ച് ലോക്കിൽ കയർ കൊളുത്തി ലോക്ക് അഴിച്ചു മാറ്റി അകത്തു കടന്ന് മോഷണം നടത്തും. സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. മോഷണ കേസിൽ അറസ്റ്റിലായ ശേഷം ഏപ്രിലിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതാണ് പ്രതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News