പ്രായത്തില്‍ കൂടുതല്‍ പക്വതയുണ്ടല്ലോ എന്ന് ആളുകള്‍ പറയാറുണ്ട്, അന്ന് അത് വലിയ പ്രശ്‌നമായിരുന്നു; എസ്തര്‍ അനില്‍ പറയുന്നു
മലയാളികളുടെ ഇഷ്ടതാരമാണ് എസ്തര്‍ അനില്‍. ദൃശ്യം ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരിന്നു എസ്തറിന്റേത്. അനു മോളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ എസ്തര്‍ അനില്‍ ഇന്ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ വളര്‍ന്ന് വലിയ ടീനേജുകാരിയായിരിക്കുന്നു. അതേസമയം, തന്റെ പെരുമാറ്റത്തില്‍ മുമ്പ് തന്നെ നല്ല പക്വതയുണ്ടായിരുന്നെന്ന് പറയുകയാണ് എസ്തര്‍. ദൃശ്യം രണ്ടിലെ തന്റെ കഥാപാത്രത്തിന് നല്ല പക്വതയുള്ളതായി തോന്നിയെന്ന് നിരവധി പേര്‍ പറഞ്ഞിരുന്നുവെന്ന് മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്തര്‍ പറഞ്ഞത്.
‘അനുമോള്‍ക്ക് മാത്രമല്ല തനിക്കും പ്രായത്തില്‍ കൂടുതല്‍ പക്വതയുണ്ടല്ലോ’ എന്ന് ആളുകള്‍ പറയാറുണ്ട്. ദൃശ്യം ഒന്ന് കഴിഞ്ഞുള്ള ഇന്റര്‍വ്യൂകളില്‍ വലിയ കുട്ടിയെപ്പോലെ സംസാരിക്കുന്നതെന്താ എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. അന്ന് ഞാന്‍ ചെറിയകുട്ടിയായിരുന്നല്ലോ. അന്ന് അത് വലിയ പ്രശ്നമായിരുന്നു. കൊച്ചു കുട്ടികള്‍ കൊച്ചു കുട്ടികളെപ്പോലെയേ സംസാരിക്കാന്‍ പാടുള്ളൂ എന്നുണ്ടായിരുന്നു.’- എസ്തര്‍ മനസുതുറക്കുന്നു.
‘പക്ഷേ എന്റെ പാരന്റ്സും മറ്റും എന്നോടിങ്ങനെ തന്നെയാണ് സംസാരിക്കുന്നത്. പിന്നെ ഇങ്ങനെയൊരു ഇന്‍ഡസ്ട്രിയില്‍ ആണ് വര്‍ക്ക് ചെയ്യുന്നത് എന്നുകൊണ്ട് കൂടുതലും വലിയ പ്രായക്കാരുമായിട്ടാണ് ഇടപെഴകുന്നത്. അതുകൊണ്ടായിരിക്കും ഞാന്‍ ഇങ്ങനെയായത്. ഇന്ന് ആളുകള്‍ക്ക് അതൊരു പ്രശ്നമല്ല എന്നു തോന്നുന്നു. ചിലപ്പോള്‍ ഡിഗ്രിയിലൊക്കെ ആയല്ലോ എന്ന് കരുതിയിട്ടാവും,’ എസ്തര്‍ പറയുന്നു.
ദൃശ്യം 2 മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും എസ്തര്‍ പറഞ്ഞു. മുംബൈയിലെ സെന്റ് തോമസ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് എസ്തര്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്റ് ജില്‍ ആണ് എസ്തറിന്റെ റിലീസിനുള്ള അടുത്ത ചിത്രം.