കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക,മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍
കൊച്ചി: പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ്. സ്‌കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം.
സി.ബി.എസ്.ഇ സ്‌കൂളുകളുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. സ്‌കൂളുകള്‍ക്ക് അംഗീകാരം ഇല്ലാത്തതിനാല്‍ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ് കളക്ടറേറ്റില്‍ എത്തുന്നത്. സി.ബി.എസ്.ഇ സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് പരിമിതികളുണ്ട്.
സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അഫിലിയേഷന്‍ ഉള്ളതാണോയെന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് കൃത്യമായി പുതുക്കുന്നതാണോയെന്നും മനസിലാക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന എന്‍.ഒ.സി, അവസാനമായി അഫിലിയേഷന്‍ ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള സി.ബി.എസ്.ഇ.യുടെ ലെറ്റര്‍ എന്നിവ കൃത്യമാണോ എന്നും രക്ഷിതാക്കള്‍ മനസിലാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.