KeralaNews

പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടിച്ചത് രേഖ കടത്താനോ? സെക്രട്ടറിയേറ്റിലെ തീപ്പിടുത്തങ്ങളുടെ കണക്ക് പറഞ്ഞ് ഇ.പി.ജയരാജൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന്‍റെ മറവിൽ യുഡിഎഫും ബിജെപിയും ഒത്തുകളിച്ച് കേരളത്തിൽ അക്രമം അഴിച്ചുവിടാൻ നോക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. കസ്റ്റംസിന് കൈമാറേണ്ട രേഖകൾ കത്തിയെന്നത് പോലത്തെ ബാലിശമായ വാദങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അവിടെ അത്തരം രേഖകളല്ല സൂക്ഷിക്കാറ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നൽകേണ്ട ഒരു രേഖയും കത്തിയിട്ടില്ല. അവയെല്ലാം സുരക്ഷിതമാണ്. ഇ- ഫയലിംഗ് സംവിധാനം സമഗ്രമായി നടപ്പാക്കിയ സർക്കാരാണിതെന്നും ഇ പി ജയരാജൻ പറഞ്ഞ‌ു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ആദ്യമായാണോ തീ പിടിക്കുന്നത്? എന്നാണ് മന്ത്രി ചോദിക്കുന്നത്. ഗൂഢാലോചനയെക്കുറിച്ചും ഫയൽ കത്തിക്കലിനെക്കുറിച്ചും പറഞ്ഞാൽ മറ്റൊരു കാര്യം ഓർമിപ്പിക്കേണ്ടി വരും. യുഡിഎഫ് ഭരണകാലത്ത് ആർ രാമചന്ദ്രൻ നായർ ചീഫ് സെക്രട്ടറിയായിരുന്നപ്പോൾ പൂജപ്പുര ജയിൽ വളപ്പിലേക്ക് ഫയൽ കൊണ്ടുപോയി അവിടെ വച്ച് അതൊക്കെ കത്തിച്ച് നശിപ്പിച്ചില്ലേ? സെക്രട്ടേറിയറ്റിനെ സുരക്ഷിതമായ ഒരിടമാക്കി മാറ്റാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ഇന്നലെ മാധ്യമപ്രവർത്തകർ ഇവിടെ എത്തിയപ്പോൾ അതിനൊപ്പം ആരൊക്കെയോ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് തള്ളിക്കയറിയില്ലേ? അത് തടയണ്ടേ? അങ്ങനെ ആർക്കും കേറി വരാവുന്ന സ്ഥലമാണോ സെക്രട്ടേറിയറ്റ്? പണ്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ കസേരയിൽ ഒരു ഭ്രാന്തൻ കയറിയിരുന്നില്ലേ? അത് പോലെ ഇനി ഉണ്ടാകരുത്, എന്ന് മന്ത്രി.

പ്രധാനമന്ത്രിയുടെ

കാര്യാലയത്തിലും പല മന്ത്രാലയങ്ങളുടെ ഓഫീസിലും നോർത്ത്, സൗത്ത് ബ്ലോക്കുകളിലും തീപിടിച്ചിട്ടില്ലേ എന്ന് മന്ത്രി ചോദിക്കുന്നു. പാർലമെന്‍റ് അനക്സിൽ ഓഗസ്റ്റ് 16-നാണ് തീപിടിച്ചത്. പ്രധാനമന്ത്രിയുടെ വീടായ ലോക് കല്യാൺ മാർഗിലും ഓഫീസിലും തീപിടിത്തമുണ്ടായി. അവിടെ മോദി വല്ല രേഖയും കടത്തിയിട്ട് ഉണ്ടാക്കിയതാണെന്ന് ഇവരാരെങ്കിലും പറയുമോ? പ്രതിപക്ഷനേതാവ് ആ റോൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കണം. കെ സുരേന്ദ്രൻ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധിയാണെന്നെങ്കിലും ഓർക്കണം, എന്ന് മന്ത്രി പരിഹസിച്ചു.

ഇവിടെ ഇ ഫയലിംഗ് സിസ്റ്റമല്ലേ? ഒരു രേഖയും അങ്ങനെ ഇല്ലാതാകില്ല, എന്ന് പറഞ്ഞ മന്ത്രി, 2012 മുതൽ സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തങ്ങളുടെ കണക്കുകൾ എണ്ണിപ്പറഞ്ഞു. 2012-ൽ നോർത്ത് ബ്ലോക്ക് നാലാം നിലയിൽ തീപിടിത്തമുണ്ടായി, അതേ വർഷം തന്നെ അനക്സിന്‍റെ ഒന്നാം നിലയിൽ പിആർ‍ഡി സെക്ഷനിൽ തീപിടിച്ചു. 2-014ൽ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ തീപിടിത്തമുണ്ടായി. 2014-ൽത്തന്നെ നോർത്ത് സാൻവിച്ച് ബ്ലോക്കിലും തീപിടിച്ചു. 2015-ൽ നോർത്ത് ബ്ലോക്ക് ഗ്രൗണ്ട് ഫ്ലോറിൽ തീപിടിച്ചു. 2015-ൽ അനക്സ് സെല്ലുലാർ യൂണിറ്റിൽ തീപിടിച്ചു. ഇങ്ങനെ പല കാലങ്ങളിൽ സെക്രട്ടേറിയറ്റിൽ തീപിടിച്ചിട്ടുണ്ട്.

തീപിടിത്തത്തിൽ അന്വേഷണമുണ്ടാകും. അന്വേഷണത്തിന് സഹായകമാകാൻ വേണ്ടിയാണ് മാധ്യമങ്ങളെ ഉൾപ്പടെ തടഞ്ഞത്. ചീഫ് സെക്രട്ടറി അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വം നിറവേറ്റി, എന്നും മന്ത്രി വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker