കൊച്ചി: ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. നന്ദകുമാർ ഭാരവാഹിയായ വെണ്ണല തൈക്കാട്ടുശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇ.പി. ജയരാജൻ പങ്കെടുത്തത്. സി.പി.എമ്മിന്റെ പ്രതിരോധ ജാഥ കാസർകോടിൽ നിന്ന് ആരംഭിക്കുന്നതിന്റെ തലേ ദിവസമായിരുന്നു ചടങ്ങ്. ജാഥയോട് ഇ.പി. ജയരാജൻ മുഖം തിരിച്ച് നിൽക്കുന്നതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.
ഞായറാഴ്ചയായിരുന്നു കൊച്ചി വെണ്ണലയിൽ വെച്ച് വിവാദ ദല്ലാളായ നന്ദകുമാറിന്റെ അമ്മയെ ആദരിക്കൽ ചടങ്ങ് നടന്നത്. തൊട്ടടുത്ത ദിവസമാണ് സി.പി.എമ്മിന്റെ പ്രതിരോധ ജാഥ കാസർകോട് നിന്ന് ആരംഭിച്ചത്. എന്നാൽ ശ്രദ്ധേയമായ കാര്യം കാസര്‍കോട്ടും കണ്ണൂരും ജാഥ പിന്നിട്ട് വയനാട്ടിലെത്തിയിട്ടും ഇതുവരെ ഇ.പി ജാഥയുടെ ഒരു സ്വീകരണ പരിപാടിയിലോ ജാഥയുടെ ഭാഗമോ ആയിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തിയായിരുന്നു സി.പി.എമ്മിന്റെ പ്രതിരോധ ജാഥ. എന്നാൽ ഇത്തരത്തിൽ ഒരു പ്രതിരോധ ജാഥയിൽ പങ്കെടുക്കാതെ മറ്റൊരു പരിപാടിയിൽ എങ്ങനെ ഇ.പി. പങ്കെടുത്തു എന്നതാണ് ഇപ്പോൾ പാർട്ടിയേയും വെട്ടിലാക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ പഴയ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ സിപിഎമ്മുമായി സഹകരിക്കുകയും സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയാക്കുകയും ചെയ്ത കെ.വി. തോമസിനോടൊപ്പമായിരുന്നു ഇ.പി. ജയരാജൻ വിവാദ ദല്ലാളിന്റെ വസതിയിൽ എത്തി ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തത്.
സി.പി.എമ്മിനെ പലഘട്ടത്തിലും പ്രതിരോധത്തിലാക്കിയ വ്യക്തിയാണ് ദല്ലാൾ നന്ദകുമാർ. ലാവലിന്‍ കേസ്, വിഴിഞ്ഞം തുറമുഖം, കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആഴക്കടല്‍ കരാര്‍ വിവാദത്തിന് പിന്നാലെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും അടക്കം നിരവധി ഇടപാടുകളിൽ പേര് ഉയർന്നു കേട്ട വിവാദ നായകന്റെ വീട്ടിൽ എന്തിന് എൽ.ഡി.എഫ്. കൺവീനർ പോയി എന്ന ചോദ്യവും ഉയരുന്നുണ്ട്.
ജാഥ കണ്ണൂരിലെത്തിയപ്പോഴും എൽ.ഡി.എഫ്. കൺവീനർ ജാഥയിൽ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഇ.പിയുടെ അസാന്നിധ്യം ഏറെ ചർച്ചയായത്. എന്നാൽ, ജാഥയുടെ ഭാഗമല്ലാത്തത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്നായിരുന്നു ജാഥയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ഇ.പി. പറഞ്ഞ മറുപടി.
എന്നാൽ ഇ.പി. ചടങ്ങിൽ പങ്കെടുത്തതിനെക്കുറിച്ച് അറിയില്ല എന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. ഇ.പിയെ ക്ഷണിച്ചിരുന്നില്ല. സര്‍പ്രൈസ് വിസിറ്റായിരുന്നു എന്നായിരുന്നു ഇതേക്കുറിച്ച് നന്ദകുമാറിന്റെ പ്രതികരണം