KeralaNews

സാമൂഹ്യഅകലം കാറ്റില്‍, തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷയ്ക്ക് കൂട്ടത്തോടെ ജനം നിരത്തില്‍,പ്രതിഷേധം ശക്തം

തിരുവനന്തപുരം: കൊവിഡ് അതിവ്യാപനത്തിലൂടെ കടന്നുപോകുന്ന തലസ്ഥാന നഗരത്തില്‍ കേരള എന്‍ട്രന്‍സ് പരീക്ഷ (കീം) എഴുതാനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂട്ടത്തോടെ നിരത്തിലിറങ്ങിയപ്പോള്‍ സാമൂഹ്യഅകലവും കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറന്നു. പലയിടത്തും ഗതാഗതകുരുക്കായി. നഗരത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഇടയ്ക്ക് പൊലീസ് മേല്‍നോട്ടം ഉണ്ടായെങ്കിലും ഉച്ചയോടെ അത് കുറഞ്ഞു. വൈകിട്ട് അഞ്ചിന് പരീക്ഷ കഴിഞ്ഞപ്പോള്‍ സ്ക്കൂളുകള്‍ക്ക് മുന്നില്‍ വിരലില്‍ എണ്ണാവുന്ന പൊലീസുകാര്‍ മാത്രമായി.

നഗരത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ പട്ടം സെന്റ് മേരീസ് സ്‌കൂളിന് മുന്നില്‍ ഏതാനും പൊലീസുകാര്‍ ഉണ്ടായിരുന്നു. ഗതാഗത നിയന്ത്രണത്തിനിടെ കൂട്ടം കൂടരുതെന്ന് അവര്‍ മൈക്കിലൂടെ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാനുള്ള സമാധാനം കുട്ടികളും രക്ഷിതാക്കളും കാട്ടിയില്ല. രാവിലെ പരീക്ഷയ്ക്ക് എത്തിയപ്പോള്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സാമൂഹ്യ അകലം പാലിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി നിയന്ത്രിക്കാന്‍ ആളുണ്ടായിരുന്നു.

എന്നാല്‍ വൈകിട്ട് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പരീക്ഷകഴിഞ്ഞ് കുട്ടികള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സ്ഥിതിയായിരുന്നു മിക്കയിടങ്ങളിലും. കുട്ടികളെ പരീക്ഷയ്ക്ക് എത്തിച്ച ശേഷം അവരെ കാത്തുനിന്ന രക്ഷിതാക്കള്‍ ടെന്‍ഷന്‍ കൂടിയപ്പോള്‍ കൊവിഡിനെ മറന്ന് കൂട്ടം കൂടി.  മുന്‍വര്‍ഷങ്ങളിലെ പോലെ അവര്‍ നടന്നു നീങ്ങി. എന്നാല്‍ മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇന്നലത്തെ കൊവിഡ് രോഗികളുടെ വിവരം മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാനത്ത് മാത്രം 339 രോഗബാധിതര്‍. 301പേരും സമ്പര്‍ക്ക രോഗികള്‍. കര്‍ശനമായ നിയന്ത്രണം ഒരുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാളിയെന്ന് വ്യക്തം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പൊലീസിന്റെയും പരിമിതി മനസിലാക്കി ഈ ഘട്ടത്തിലെങ്കിലും സാഹചര്യത്തിനൊത്ത് പെരുമാറാന്‍ പൊതുജനങ്ങളും തയ്യാറായില്ലെന്നതാണ് സത്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker