FootballNewsSports

യൂറോ കപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം; ഡെന്‍മാര്‍ക്ക് – സ്ലോവേനിയ മത്സരം സമനിലയില്‍

മ്യൂണിക്ക്: യൂറോകപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഇംഗ്ലണ്ട് ഒറ്റഗോളിന് സെര്‍ബിയയെ തോല്‍പിച്ചു. വിറച്ചെങ്കിലും ജയിച്ച് തുടങ്ങി ഇംഗ്ലണ്ട്. കളിയുടെ വിധി നിശ്ചയിച്ചത് പതിമൂന്നാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാം. ലീഡുയര്‍ത്താന്‍ ഇംഗ്ലണ്ട് കിണഞ്ഞ് ശ്രമിച്ചു, ഫലം കണ്ടില്ല. ഒപ്പമെത്താന്‍ സെര്‍ബിയ സാധ്യമായ വഴികളെല്ലാം തേടി. പക്ഷേ, ഒറ്റ ഗോളില്‍ വിലപ്പെട്ട മൂന്ന് പോയിന്റുമായി ഇംഗ്ലണ്ട്. വ്യാഴാഴ്ച ഡെന്‍മാര്‍ക്കാണ് ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍. സെര്‍ബിയ സ്ലോവേനിയയുമായും ഏറ്റുമുട്ടും.

അതേസമയം, ഡെന്‍മാര്‍ക്ക് – സ്ലോവേനിയ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. പതിനേഴാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ഡെന്‍മാര്‍ക്കിനെ മുന്നിലെത്തിച്ചു. കഴിഞ്ഞ യൂറോകപ്പില്‍ ഹൃദയാഘാതത്തെ കളിക്കളത്തില്‍ കുഴഞ്ഞു വീണ താരമാണ് എറിക്‌സന്‍. എഴുപത്തിയേഴാം മിനിറ്റില്‍ എറിക് ജാന്‍സയാണ് സ്ലോവേനിയയുടെ സമനിലഗോള്‍ നേടിയത്.

നേരത്തെ, പോളണ്ടിനെ വീഴ്ത്താന്‍ നെതര്‍ലന്‍ഡ്‌സിനായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് പോളണ്ട്. 16ആം മിനുട്ടില്‍ പറന്നെത്തിയ കോര്‍ണര്‍ കിക്കിന് തലവച്ച് ആദം ബുക്‌സ ലീഡ് സമ്മാനിച്ചു. അടിയേറ്റതോടെ ഇരമ്പിയാര്‍ത്ത് ഡച്ച് പട. പോളണ്ട് ഗോള്‍മുഖത്ത് തുടരെ ആക്രമണം. 29-ാം മിനുട്ടില്‍ കോഡി ഗാപ്‌കെ തൊടുത്ത തീയുണ്ട പോളിഷ് താരത്തെ സ്പര്‍ശിച്ച് വലയിലേക്ക്. ലീഡുയര്‍ത്താനുള്ള ഒരുപിടി അവസരങ്ങള്‍ നെതര്‍ലന്‍ഡ് താരങ്ങള്‍ കളഞ്ഞുകുളിച്ചു. മികച്ച സേവുകളുമായി ഷെസ്‌നി പോളണ്ടിന്റെ രക്ഷകനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button