ഇംഗ്ലണ്ടിന് ലോകകപ്പ്, ന്യൂസിലാൻഡിനെ കീഴടക്കിയത് സൂപ്പർ ഓവറിൽ
ലോര്‍ഡ്‌സ്: ക്രിക്കറ്റ് ലോകം ഇതു വരെ കണ്ട ഏറ്റവും ആവേശകരമായ മത്സരത്തിനൊടുവിൽ ന്യൂസിലാൻഡിനെ സൂപ്പർ ഓവറിൽ തോൽപ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ടിന് ലോകകപ്പ് ക്രിക്കറ്റ് കിരീടം. 50 ഓവർ മത്സരം സമനിലയിലേക്ക് നീങ്ങിയപ്പോൾ വിജയികളെ കണ്ടെത്താൻ എറിഞ്ഞ സൂപ്പര്‍ ഓവറും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ്. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റിന്റെ പ്രകടനം ഇംഗ്ലണ്ടിന് തുണയായി. പ്ലങ്കറ്റിന് പുറമെ, ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് മുന്‍നിരയെ കിവീസ് ബൗളര്‍മാര്‍ വരിഞ്ഞുമുറുകിയപ്പോൾ ജോസ് ബട്‌ലറും ബെന്‍ സ്റ്റോക്‌സുമാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. ബട്‌ലര്‍ 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്റ്റോക്‌സ് 84 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ അവസാന പന്തില്‍ ഇംഗ്ലണ്ടിന്‍റെ അവസാന വിക്കറ്റ് വീണതോടെ കളി സമനിലയില്‍.
സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തില്‍ ന്യൂസിലാൻഡിനായി പന്തെറിഞ്ഞത് ബോള്‍ട്ട്. സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് 15 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി പന്തെടുത്തത് ജോഫ്ര ആര്‍ച്ചര്‍. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന കിവീസ് ബാറ്റ്സ്‌മാന്‍മാരെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ തളച്ചു. റോയ്‌യുടെ ത്രോയില്‍ ബട്‌ലര്‍ സ്റ്റംപ് ചെയ്തപ്പോള്‍ കളി സമനിലയിൽ സൂപ്പർ ഓവറിൽ കൂടുതൽ ബൗണ്ടറികൾ നേടിയ ആനുകൂല്യത്തിൽ ക്രിക്കറ്റിന്റെ മെക്കയിൽ ഇംഗ്ലണ്ടിന് ആദ്യമായി കപ്പുയർത്തി.