KeralaNews

ജർമനിയെ തകർത്ത് ഇംഗ്ലണ്ട് യൂറോ ക്വാർട്ടറിൽ

വെബ്ലി:യൂറോകപ്പ് പ്രീ-ക്വാർട്ടറിൽ ജർമനിയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ. സ്വന്തം കാണികൾക്കു മുന്നിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സൗത്ത്ഗേറ്റിന്റെ സംഘം ജോക്കിം ലോയുടെ ജർമനിയെ തകർത്തു വിട്ടത്. ജർമൻ ടീമുമൊത്തുള്ള അവസാന മത്സരത്തിൽ ഇതോടെ ലോയ്ക്ക് തോൽവിയോടെ മടക്കം.

74-ാം മിനിറ്റ് വരെ ഗോൾരഹിതമായ മത്സരത്തിൽ റഹീം സ്റ്റെർലിങ്ങും ഹാരി കെയ്നുമാണ് ഇംഗ്ലണ്ടിനായി സ്കോർ ചെയ്തത്.വെംബ്ലിയിൽ ജർമനിക്കെതിരേ അവസാനം കളിച്ച ഏഴ് മത്സരങ്ങളിലും ജയിക്കാനാകാതിരുന്ന ഇംഗ്ലണ്ട് ഒടുവിൽ എട്ടാം മത്സരത്തിൽ ആ കേട് തീർത്തു. ഈ ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഏക ടീമാണ് ഇംഗ്ലണ്ട്.

മത്സരത്തിന്റെ തുടക്കത്തിൽ നിയന്ത്രണം ഏറ്റെടുത്തത് ജർമനിയായിരുന്നെങ്കിലും വൈകാതെ ഇംഗ്ലണ്ട് താളം കണ്ടെത്തി.16-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങിന്റെ മികച്ചൊരു ഷോട്ട് നീണ്ട ഡൈവിലൂടെയാണ് ജർമൻ ഗോൾകീപ്പർ മാനുവൽ നൂയർ രക്ഷപ്പെടുത്തിയത്. പിന്നാലെ 27-ാം മിനിറ്റിൽ ഹാരി മഗ്വെയറിന് ഹെഡർ ലക്ഷ്യത്തിലെത്തിക്കാനായില്ല.

32-ാം മിനിറ്റിലാണ് ആദ്യ പകുതിയിലെ മികച്ച അവസരം പിറന്നത്. കായ് ഹാവെർട്സ് നൽകിയ ത്രൂബോളിൽ നിന്ന് തിമോ വെർണറുടെ ഗോളെന്നുറച്ച ഷോട്ട് പക്ഷേ ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ഫോർഡ് അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിനും മികച്ചൊരു അവസരം ലഭിച്ചു. പക്ഷേ ഹാരി കെയ്നിന് ആ അവസരം മുതലാക്കാൻ സാധിച്ചില്ല. ഹമ്മൽസിന്റെ കൃത്യസമയത്തുള്ള ഇടപെടലും അപകടം ഒഴിവാക്കി.48-ാം മിനിറ്റിൽ ഹാവെർട്സിന്റെ ബുള്ളറ്റ് ഷോട്ട് രക്ഷപ്പെടുത്തി പിക്ഫോർഡ് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. 53-ാം മിനിറ്റിൽ ഗോസെൻസിന്റെ ഷോട്ടും പിക്ഫോർഡ് തടഞ്ഞു.

ഒടുവിൽ 75-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. സ്റ്റെർലിങ്ങും ഹാരി കെയ്നും ഗ്രീലിഷും ലൂക്ക് ഷോയും ചേർന്നുള്ള മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ഷോയുടെ പാസ് സ്റ്റെർലിങ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.എന്നാൽ 81-ാം മിനിറ്റിൽ തിരിച്ചുവരാനുള്ള അവസരം തോമസ് മുള്ളർ നഷ്ടപ്പെടുത്തി. ഹാവെർട്സ് നീട്ടിയ പാസിൽ നിന്ന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ മുള്ളർ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.

പിന്നാലെ 86-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ച ഗോളെത്തി. ലൂക്ക് ഷോ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച ഗ്രീലിഷ് നൽകിയ ക്രോസ് ഹാരി കെയ്ൻ വലയിലെത്തിക്കുകയായിരുന്നു. ഈ ടൂർണമെന്റിൽ താരത്തിന്റെ ആദ്യ ഗോൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker