ചെന്നൈ: തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ് പ്രവേശനം അവസാനിച്ചപ്പോള്‍ വിവിധ കോളേജുകളിലായി ആകെയുള്ള 1,44,652 സീറ്റുകളില്‍ 50,514 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. ഈ വര്‍ഷം 65.08 ശതമാനം സീറ്റുകള്‍ നികത്താന്‍ കഴിഞ്ഞു. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകളേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം 59.90 ശതമാനം സീറ്റുകള്‍ മാത്രമാണ് നികത്തിയത്.
എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ ചേരാനുള്ള വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യം മെച്ചപ്പെട്ടുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും 16 കോളേജുകള്‍ക്ക് മാത്രമേ അവരുടെ സീറ്റുകള്‍ പൂര്‍ണ്ണമായി പൂരിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. കഴിഞ്ഞ വര്‍ഷം ഇത് 12 ആയിരുന്നു. 11 കോളേജുകള്‍ക്ക് ഈ വര്‍ഷം ഒരു സീറ്റ് പോലും നികത്താനായില്ല, കഴിഞ്ഞ വര്‍ഷം 14 കോളേജുകള്‍ക്കാണ് ഈ അവസ്ഥയുണ്ടായിരുന്നത്.
68 കോളേജുകള്‍ക്ക് 95 ശതമാനത്തിലധികം സീറ്റുകളില്‍ പ്രവേശനമുണ്ട്. 104 കോളേജുകള്‍ക്ക് 90 ശതമാനത്തിലധികവും സീറ്റ് നികത്താന്‍ കഴിഞ്ഞു. മൂന്ന് ഗവണ്‍മെന്റ് കോളേജുകള്‍ക്ക് 50 ശതമാനം സീറ്റ് പോലും നികത്താനായില്ല.
10 ശതമാനത്തില്‍ താഴെ സീറ്റുകള്‍ നികത്തിയ കോളേജുകളുടെ സാഹചര്യം അണ്ണാ സര്‍വകലാശാല അവലോകനം ചെയ്യും. കോഴ്സുകളില്‍ കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയ്ക്കാണ് വിദ്യാര്‍ഥികള്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത്. 45 ശതമാനം സീറ്റുകളും കംപ്യൂട്ടര്‍ സയന്‍സ്, ഐടി അനുബന്ധ കോഴ്സുകളിലേക്കാണ് പോയത്. പ്രധാന കോര്‍ ബ്രാഞ്ചുകളില്‍ മെക്കാനിക്കല്‍, സിവില്‍ എന്നിവയ്ക്ക് മുന്‍ഗണന കുറവാണ്.