തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പരിഷ്‌കാര നടപടികള്‍ തുടര്‍ന്നാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഭരണകക്ഷി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. സംഭവം വിവാദമായിരിക്കുകയാണ്. കെഎഎസ് നടപ്പാക്കാനും പഞ്ചിംഗ് കര്‍ശനമാക്കാനും ഇഫയല്‍ നിലവില്‍ വന്നശേഷം ജോലിയില്ലാതായ തസ്തികകള്‍ പുനര്‍വിന്യസിക്കാനും പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഭീഷണി.
മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് പൊതുഭരണവകുപ്പ് സെക്രട്ടറിയും അസോസിയേഷന്‍ ഭാരവാഹികളും അടങ്ങിയ കമ്മിറ്റിയും ചേര്‍ന്ന് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇതിനെതിരെയാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. തുഗ്ലക് പരിഷ്‌കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്നാണ് ആക്ഷേപം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ എന്‍ അശോക് കുമാറിന്റെ പേരിലാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനെതിരെ സംഘടനയിലെ ഒരു വിഭാഗം ഭാരവാഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സംഘടനാ നേതാക്കളുടെ പ്രസക്തി കുറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരിഷ്‌കാര നടപടികളെ അസോസിയേഷനിലെ ചിലര്‍ എതിര്‍ക്കുന്നത്. പഞ്ചിംഗ് ഉള്‍പ്പെടെ കര്‍ശനമാക്കിയതോടെ കഴിഞ്ഞ മാസം ഹാജരാകാത്തതും വൈകിയെത്തിയതുമായ ജീവനക്കാരുടെ ശമ്പളം കുറച്ചിരുന്നു. ഇതും പ്രകോപനത്തിന് കാരണമായി.