FootballNewsSports

എംബാപ്പെയെ വിടാതെ എമി; ആഘോഷിക്കുമ്പോഴും ഫ്രഞ്ച് താരത്തിന് പരിഹാസം

ദോഹ: ലോകകപ്പ് വിജയിച്ചതിന്റെ ആഘോഷം ഡ്രെസിം​ഗ് റൂമിൽ നടക്കുമ്പോഴും ഫ്രാൻസ് താരം കിലിയൻ എംബാപ്പെയെ ട്രോളി അർജന്റീനയുടെ ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്. നിക്കോളാസ് ഒട്ടാമെൻ‍ഡിയുടെ ഇൻസ്റ്റ​ഗ്രാം ലൈവിനിടെ എമിലിയാനോ എംബാപ്പെയെ ട്രോളുന്നതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. പാട്ട് പാടിയും നൃത്തം ചെയ്തുംം ആഘോഷിക്കുന്ന അർജന്റീന താരങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ഇതിനിടെ ബഹളം നിർത്താൻ എമിലിയാനോ ആവശ്യപ്പെട്ടു. ഇതിന് ശേഷം എംബാപ്പെയ്ക്ക് വേണ്ടി ഒരു നിമിഷം നിശബ്ദത ആചരിക്കാൻ പറയുകയായിരുന്നു. ഇത് കഴിഞ്ഞ ശേഷം താരങ്ങൾ ആഘോഷം തുടരുകയും ചെയ്തു. അർജന്റീന കിരീടം സ്വന്തമാക്കിയെങ്കിലും ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടി എംബാപ്പെയും ലോക വേദിയെ ത്രസിപ്പിച്ചിരുന്നു. എന്നാൽ, എമിക്കും മറ്റ് ലാറ്റിനമേരിക്കൻ താരങ്ങൾക്കും എംബാപ്പെയോടുള്ള ദേഷ്യത്തിന് കാരണം മറ്റൊന്നാണ്.

ദക്ഷിണ അമേരിക്കൻ ഫുട്‌ബോളിനേക്കാൾ യൂറോപ്യൻ ഫുട്‌ബോളാണ് കൂടുതല്‍ മികച്ചതെന്ന എംബാപ്പെ മുമ്പ് പറഞ്ഞിട്ടുണ്ട്. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. നേഷൻസ് ലീഗ് പോലുള്ള ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ ഉപയോഗിച്ച് പരസ്പരം കളിക്കുന്നു എന്നതാണ് യൂറോപ്പിനുള്ള നേട്ടമെന്ന് എംബാപ്പെ പറഞ്ഞിരുന്നു.  ദക്ഷിണ അമേരിക്കയ്ക്ക് യൂറോപ്പിന്‍റേത് പോലെ നിലവാരമില്ല. അവിടെ യൂറോപ്പിലേതുപോലെ ഫുട്ബോൾ അത്ര പുരോഗമിച്ചിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിൽ എല്ലാം യൂറോപ്യന്‍ ടീമുകള്‍ വിജയിച്ചതെന്നും എംബാപ്പെ പറഞ്ഞിരുന്നു.

ലിയോണൽ മെസിയും ബ്രസീലിന്റെ ഡാനി ആൽവസും അടക്കമുള്ള ലാറ്റിനമേരിക്കൻ താരങ്ങൾ ഈ പ്രസ്താവനക്കെതിരെ രം​ഗത്ത് വരികയും ചെയ്തിരുന്നു. ലോകകപ്പ് ഫൈനലിന് മുമ്പ് ഈ വിഷയം ഉയർത്തി എമിലിയാനോ മാർട്ടിനസും എംബാപ്പെയെ വിമർശിച്ചിരുന്നു. എംബാപ്പെയ്ക്ക് ഫുട്ബോളിനെക്കുറിച്ച് വേണ്ടത്ര അറിവില്ല. അദ്ദേഹം ദക്ഷിണ അമേരിക്കയിൽ കളിച്ചിട്ടില്ല. അനുഭവം ഇല്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് എമി തുറന്നടിച്ചിരുന്നു. യൂറോപ്യൻ വമ്പന്മാരായ ഫ്രാൻസിനെ തന്നെ ഫൈനലിൽ അടിച്ച് കിരീടം സ്വന്തമാക്കിയത് ഇതോടെ അർജന്റീന താരങ്ങൾക്ക് ഇരട്ടി മധുരമാണ് നൽകുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker