തൊഴിലാളികളെ കുറയ്ക്കും, ട്വീറ്റിനും പണം ഈടാക്കാം: ബാങ്കുകളോട് മസ്ക്
ന്യൂയോർക്ക് ∙ ട്വിറ്റർ വാങ്ങാൻ പണം കണ്ടെത്തുന്നതിനായി സമൂഹമാധ്യമ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ട്വീറ്റുകൾക്കു നിരക്ക് ഈടാക്കാനുമൊരുങ്ങി ഇലോൺ മസ്ക്. ട്വിറ്റർ ഏറ്റെടുക്കാൻ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചപ്പോഴാണു മസ്ക് ഈ നിർദേശം മുന്നോട്ടുവച്ചത്. 44 ബില്യൻ ഡോളറിനാണു മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. ഇതിൽ 13 ബില്യൻ ഡോളറാണു വായ്പയായി ആവശ്യപ്പെട്ടത്.
ട്വിറ്റർ ബോർഡ് ഡയറക്ടർമാരുടെ ശമ്പളം ഉൾപ്പെടെ നിയന്ത്രണ വിധേയമാക്കും. തൊഴിലാളികളെ കുറയ്ക്കാനും ശമ്പളം വെട്ടിച്ചുരുക്കാനും സാധ്യതയുണ്ടെന്നും ഇക്കാര്യങ്ങളുമായി അടുത്തു പരിചയമുള്ള മൂന്നു പേരെ ഉദ്ധരിച്ചു വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 21ന് ആണ് മസ്ക് വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചത്. മസ്കിന്റെ പ്രവചനാതീതമായ സ്വഭാവത്തിൽ ബാങ്കുകൾ സംശയം പ്രകടിപ്പിച്ചപ്പോഴാണ്, ട്വിറ്ററിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു.
ട്വിറ്റർ ബോർഡ് ഡയറക്ടർമാരുടെ ശമ്പളം ഒഴിവാക്കുന്നതിലൂടെ 3 ദശലക്ഷം ഡോളർ ലാഭിക്കാമെന്നു മസ്ക് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വൈറൽ ആകുന്നതോ പ്രധാനപ്പെട്ടതോ ആയ വിവരങ്ങൾ ഉൾക്കൊള്ളുന്ന ട്വീറ്റുകളെ ധനസമാഹരണത്തിനു സഹായിക്കുംവിധം മാറ്റങ്ങൾ വരുത്തുമെന്നും മസ്ക് ബാങ്കുകളോടു പറഞ്ഞെന്നാണു സൂചന. തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചു മസ്ക് ആലോചിച്ചിട്ടില്ലെന്നും ട്വിറ്ററിനെ ഏറ്റെടുത്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും വിവരമുണ്ട്. റിപ്പോർട്ടുകളോടു പ്രതികരിക്കാൻ മസ്കിന്റെ പ്രതിനിധി വിസമ്മതിച്ചു.
ഇതിനിടെ, ട്വിറ്റർ വാങ്ങാനുള്ള പണം സമാഹരിക്കാനായി മസ്ക് തന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ 400 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചതായി റിപ്പോർട്ടുണ്ട്. 44 ലക്ഷം ഓഹരികൾ ഒന്നിന് 872.02–999.13 ഡോളർ നിലവാരത്തിലായിരുന്നു വിൽപന. ഇത് ട്വിറ്റർ വാങ്ങുന്നതിനുള്ള ധനശേഖരണത്തിന്റെ ഭാഗമാണെന്നാണു കരുതുന്നത്. ഓഹരികൾ വിറ്റതോടെ ടെസ്‌ലയുടെ ഓഹരിമൂല്യം ഇടിഞ്ഞു. ഓഹരി വിപണിയിലെ ചട്ടങ്ങൾ ലംഘിച്ചാണ് ആദ്യഘട്ടത്തിൽ മസ്ക് ട്വിറ്ററിന്റെ 9% ഓഹരികൾ വാങ്ങിയതെന്ന ആരോപണത്തിൽ ഫെഡറൽ ട്രേഡ് കമ്മിഷൻ അന്വേഷണം തുടങ്ങി.