ന്യൂയോർക്ക്: എക്സ് ടിവി സേവനം ആരംഭിച്ച് ഇലോണ്‍ മസ്‌ക്. സിനിമകളും മറ്റ് പരിപാടികളും സ്ട്രീം ചെയ്യുന്ന ഒരു ഒടിടി ആപ്ലിക്കേഷനാണിത്. എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്‌ക് തന്റെ പുതിയ ഉത്പന്നം അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ്, എല്‍ജി, ആമസോണ്‍ ഫയര്‍ ടിവി, ഗൂഗിള്‍ ടിവി എന്നീ പ്ലാറ്റ്‌ഫോമുകളില്‍ എക്‌സ് ടിവിയുടെ ബീറ്റാ പതിപ്പ് ലഭ്യമാകും. ഭാവിയില്‍ കൂടുതല്‍ ഉപകരണങ്ങളില്‍ ആപ്പ് ലഭ്യമാക്കുമെന്ന് മസ്‌ക് പറഞ്ഞു.
ആപ്പ് എല്ലാവര്‍ക്കും എപ്പോള്‍ മുതല്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയില്ല. ആമസോണ്‍ ഫയര്‍ ടിവിയില്‍ ജൂലായ് മുതല്‍ എക്‌സ് ടിവി ലഭിച്ചിരുന്നു, എല്‍ജിടിവിയില്‍ ഓഗസ്റ്റ് 29 നാണ് ആപ്പ് എത്തിയത്.
എക്‌സ് സ്ട്രീം സര്‍വീസ് ടിവി എന്നതിന്റെ ചുരുക്കമാണ് എക്‌സ് ടിവി. ഒരു സെറ്റ് ടോപ്പ് ബോക്‌സിന്റെ ആവശ്യകത ഈ ആപ്പ് ഇല്ലാതാക്കുമെന്നാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ലിസ്റ്റിങില്‍ പറയുന്നത്. തത്സമയ ടിവി ചാനലുകള്‍, സിനിമകള്‍, പാട്ടുകള്‍, വാര്‍ത്തകള്‍, കായിക വിനോദങ്ങള്‍, കാലാവസ്ഥ തുടങ്ങി ഒട്ടേറെ ഉള്ളടക്കങ്ങള്‍ എക്‌സ് ടിവി ആപ്പില്‍ ലഭിക്കും.
എക്‌സ് ആപ്പിലെ ചില ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് റീപ്ലേ ടിവി, ഈ സംവിധാനത്തിലൂടെ 72 മണിക്കൂര്‍ നേരത്തെ ടിവി പരിപാടികള്‍ വീണ്ടും കാണാന്‍ സാധിക്കും. തത്സമയ പരിപാടികള്‍ തുടക്കം മുതല്‍ കാണാന്‍ സാധിക്കുന്ന സ്റ്റാര്‍ട്ട് ഓവര്‍ ടിവി. 100 മണിക്കൂര്‍ നേരത്തെ ഉള്ളടക്കങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനുള്ള സൗജന്യ ക്ലൗഡ് ഡിവിആര്‍ ഫീച്ചര്‍ എന്നിവയും എക്‌സ് ടിവിയുടെ സവിശേഷതയാണ്.