കോഴഞ്ചേരി: കുളിക്കാൻ ആറ്റിലിറങ്ങിയ ആന മണിക്കൂറുകൾ പാപ്പാന്മാരെ വട്ടം ചുറ്റിച്ചു. മൂക്കന്നൂർ ഭാഗത്തു തടി പിടിക്കാൻ എത്തിച്ച സീതാലക്ഷ്മി (പാറു) എന്ന പിടിയാനയാണു പരിഭ്രാന്തി പരത്തിയത്. പാപ്പാൻമാരെ അനുസരിക്കാതെ 5 മണിക്കൂർ പമ്പാനദിയിലെ പള്ളിക്കടവ് മുതൽ മൂക്കന്നൂർ ശിവക്ഷേത്രക്കടവിനു സമീപം വരെ പല തവണ ആറ്റിൽ ഇരുവശത്തേക്കും നീന്തി നടന്ന ആന സന്ധ്യയോടെയാണു കരയ്ക്കു കയറിയത്.ചെറുകോൽ കാട്ടൂർ ഭാഗത്ത് ഇന്നലെ ഉച്ചയോടെയാണു പമ്പയാറ്റിൽ പാപ്പാൻമാരായ രാജീവും വിജീഷും ചേർന്ന് സീതാലക്ഷ്മിയെ കുളിപ്പിക്കാൻ എത്തിച്ചത്.
വെള്ളത്തിലേക്ക് ഇറങ്ങിയ ആന വളരെ വേഗം ആറിന്റെ മറുകരയിലെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. പാപ്പാന്മാരെ കാണുമ്പോൾ അകലേക്കു മാറുന്ന ആന പ്രദേശവാസികൾ വിളിക്കുമ്പോൾ കരയ്ക്കു കയറാനുള്ള പ്രവണത കാണിക്കുന്നുണ്ടായിരുന്നു. പഴക്കുല കാട്ടി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇടയ്ക്കു കരയോട് അടുത്തു വന്ന ആനയുടെ പുറത്തേക്ക് പാപ്പാന്മാരിൽ ഒരാൾ ചാടിക്കയറാൻ നോക്കിയെങ്കിലും കുടഞ്ഞെറിഞ്ഞു. മറ്റൊരാൾ വാലിൽ പിടിച്ച് തൂങ്ങി കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീണ്ടും നദീ മധ്യത്തിലേക്ക് നീങ്ങിയ ആന കരയ്ക്കു കയറാൻ ശ്രമിച്ചില്ല.
സംഭവമറിഞ്ഞു സ്ഥലത്ത് എത്തിയ മുൻ പാപ്പാൻ മണിക്കുട്ടൻ സ്നേഹത്തോടെ നിർദേശങ്ങൾ നൽകിയതോടെ ആന കാട്ടൂർ പള്ളിക്കടവിൽ കുളിക്കാൻ ഇറങ്ങിയ ഭാഗത്തേക്ക് നീങ്ങി. പാപ്പാന്മാരിൽ ഒരാൾ തളയ്ക്കാൻ അടുത്തേക്ക് വരുന്നതു കണ്ട് ആന പിന്തിരിയാൻ ശ്രമിച്ചെങ്കിലും മണിക്കുട്ടന്റെ നിർദേശം അനുസരിച്ചു കരയ്ക്കു കയറി.
തളയ്ക്കാൻ പിറകെ എത്തിയ പാപ്പാന്മാരെ പിന്നിലാക്കി അൽപം മുന്നോട്ട് ഓടി മൂക്കന്നൂർ ഭാഗത്തെ ജനവാസ മേഖലയിലേക്ക് എത്തിയെങ്കിലും അവിടെ ശാന്തയായി നിന്നു. ഇതോടെ തളയ്ക്കുകയായിരുന്നു. റാന്നിയിൽ നിന്നു അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി ജി. അനിലിന്റെയാണ് ആന. അതേസമയം, ആനയെ നിരന്തരമായി പാപ്പാൻമാർ ഉപദ്രവിച്ചിരുന്നുവെന്നും ഇതു മൂലമാണ് ആന അനുസരിക്കാതായതെന്നും പ്രദേശവാസികൾ പറഞ്ഞു.