പത്തനംതിട്ട: അച്ചന്‍കോവിലാറ്റിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകിയെത്തിയ കാട്ടാനയ്ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയാനകള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു. വനം വകുപ്പാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെയാണ് കനത്ത മഴയിലുണ്ടായ കുത്തൊഴുക്കില്‍ കാട്ടാനയുടെ ജഡം ഒഴുകി വന്ന നിലയില്‍ കണ്ടത്. വനപാലകരെത്തി ജഡം വീണ്ടും ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ടു.
വലിപ്പമുള്ള ജഡം മണ്ണില്‍ തലകുത്തിയ നിലയിലായിരുന്നു. കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ ജീവനക്കാരാണ് നദിയിലൂടെ കാട്ടാനയുടെ ജഡം ഒഴുകിവരുന്നത് ആദ്യം കണ്ടത്. ഒരു കൊമ്പനാനയും രണ്ട് കുട്ടിയാനയും ഒഴുകിപ്പോകുന്നത് കണ്ടെന്നാണ് കല്ലേലി ചെക്പോസ്റ്റിലെ വനപാലകര്‍ക്ക് ലഭിച്ച വിവരം. തുടര്‍ന്ന് അച്ചന്‍കോവിലാറിന്റെ ഇരുകരയിലും തെരച്ചില്‍ നടത്തുകയായിരുന്നു.
തിരച്ചിലിനിടെ സന്ധ്യയോടെയാണ് കൊമ്പനാനയുടെ ജഡം കണ്ടെത്തുന്നത്. കുട്ടിയാനകള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി വനമേഖലയില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന ഒഴുക്കില്‍പ്പെട്ടതോ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടതോ ആകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആനയുടെ ജഡം സംസ്‌കരിച്ചു.