25.4 C
Kottayam
Friday, May 17, 2024

ഷോക്കടിപ്പിയ്ക്കുന്ന ബില്ലില്‍ പരാതി പ്രവാഹം,മണിയന്‍പിള്ള രാജുവിന് 42000 രൂപയുടെ കറണ്ടുബില്‍

Must read

തിരുവനന്തപുരം : കെ.എസ്.ഇ.ബിയുടെ ഷോക്കടിപ്പിക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്ത്. നടന്‍ മണിയന്‍ പിള്ള രാജുവിന് വന്നിരിക്കുന്നത് 42000 രൂപയുടെ ബില്‍. ഇതോടെ ബോര്‍ഡിനെതിരെ രൂക്ഷമായ ആരോപണമാണ് സിനിമാ താരം മണിയന്‍ പിള്ള രാജു ഉന്നയിച്ചത്. എന്നാല്‍ ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. വെറും അഞ്ചുശതമാനം പേര്‍ക്കുമാത്രമാണ് അധികബില്‍ കിട്ടിയതെന്നാണ് വൈദ്യുതബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള പറയുന്നത്. ഒരു സ്വകാര്യചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഏഴായിരം രൂപയാണ് ബില്ല് വന്നിരുന്നത്. അത് പെട്ടെന്ന് 42,000 രൂപയായി മാറിയെന്നും ഇത് തീവെട്ടി കൊള്ളയാണെന്നും ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തില്‍ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബിയെന്നുമായിരുന്നു മണിയന്‍പിള്ള രാജുവിന്റെ ആരോപണം.

എന്നാല്‍ മണിയന്‍ പിള്ള രാജുവിന് ഉപയോഗിച്ച വൈദ്യുതിയുടെ ബില്‍ മാത്രമാണ് നല്‍കിയതെന്നും ആറുമാസമായി അദ്ദേഹത്തിന്റെ വീട്ടിലെ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാല്‍ മുന്‍ ബില്‍ തുകയുടെ ശരാശരിയാണ് ബില്ലായി നല്‍കിയതെന്നുമാണ് ചെയര്‍മാന്‍ പറയുന്നത്. താരത്തിന്റെ വീട്ടിലേക്ക് ആള്‍ക്കാരെ അയച്ച് വിശദീകരിക്കാന്‍ തയ്യാറാമെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.പരാതിയുമാതി ആരെത്തിയാലും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ തുക അകാരണമായി കൂടിയിട്ടുണ്ടെങ്കില്‍ അത് അടുത്ത ബില്ലില്‍ കുറവുചെയ്യുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. നടനും സംവിധായകനുമായ മധുപാലും ഉയര്‍ന്ന ബില്ലാണ് ലഭിച്ചതെന്ന് പരാതി പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടനും പരാതിയുമായി എത്തി.

ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെ.എസ്.ഇ.ബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week